ശബരിമല തീർത്ഥാടകരുടെ തിരക്ക് വർദ്ധിച്ചു, തുടർച്ചയായ രണ്ടാം ദിവസവും ഗതാഗതക്കുരുക്കിൽ എരുമേലി, നിലയ്ക്കലിലേക്ക് തീർത്ഥാടകരുടെ വാഹനങ്ങൾക്ക് ഗതാഗത നിയന്ത്


എരുമേലി: ശബരിമല തീർത്ഥാടകരുടെ തിരക്ക് വർധിച്ചതോടെ തുടർച്ചയായ രണ്ടാം ദിവസവും ഗതാഗതക്കുരുക്കിലമർന്നു എരുമേലിയും സമീപ മേഖലകളും. തിങ്കളാഴ്ച പുലർച്ചെ മുതലാണ് കൂടുതലായി തീർത്ഥാടകർ വീണ്ടും എത്തിത്തുടങ്ങിയത്.

 

 തിരക്ക് വർധിച്ചതോടെ ഇന്നലെ എരുമേലിയിൽ രാവിലെ മുതൽ ഗതാഗതക്കുരുക്കായിരുന്നു. വാഹനങ്ങളുടെ മണിക്കൂറുകൾ നീണ്ട നിരയാണ് പ്രധാന പാതകളിലുണ്ടായിരുന്നത്. നിലയ്ക്കലിൽ പാർക്കിങ് സൗകര്യം ലഭ്യമല്ലാത്തതിനെ തുടർന്ന് തീർത്ഥാടകരുടെ വാഹനങ്ങൾക്ക് എരുമേലിയിൽ നിന്നും നിലയ്ക്കലിലേക്ക് പോകുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എരുമേലി-കാഞ്ഞിരപ്പള്ളി റോഡിൽ കൊരട്ടി പാലം കഴിഞ്ഞും എരുമേലി-മുണ്ടക്കയം റോഡിൽ ചരള കഴിഞ്ഞും എരുമേലി-റാന്നി റോഡിൽ കരിങ്കല്ലുംമൂഴി വരെയും വാഹനങ്ങളുടെ നീണ്ട നിരയാണ്. സർവ്വീസ് ബസ്സുകളും സ്‌കൂൾ ബസ്സുകളും ഗതാഗതക്കുരുക്കിൽപ്പെട്ടു കിടക്കുകയാണ്.കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങൾ കുറുവാമൂഴി-ഓരുങ്കൽ കടവ് വഴി എരുമേലിയിലേക്ക് വഴി തിരിച്ചു വിടുന്നുണ്ട്. തിങ്കളാഴ്ച രാത്രി തീർത്ഥാടകരുടെ വാഹനങ്ങൾ എരുമേലിയിൽ പോലീസ് പിടിച്ചിട്ടിരുന്നു.