ഒരു മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമ പെൻഷൻ വിതരണം ചെയ്യുമെന്ന് സംസ്ഥാന സർക്കാർ.


തിരുവനന്തപുരം: ഒരു മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമ പെൻഷൻ വിതരണം ചെയ്യുമെന്ന് സംസ്ഥാന സർക്കാർ. പെൻഷൻ നേരിട്ട്‌ ലഭിക്കുന്നവർക്ക്‌ സഹകരണ സംഘങ്ങൾ വഴിയും, അല്ലാതെയുള്ളവർക്ക്‌ ബാങ്ക്‌ അക്കൗണ്ടുവഴിയും തുക ലഭിക്കും.

 

 തൊള്ളായിരം കോടിയോളം രൂപയാണ്‌ ഇതിനായി മാറ്റിവയ്‌ക്കുന്നത്‌. ക്രിസ്മസിനുമുമ്പ് എല്ലാ പെൻഷൻകാർക്കും തുക ലഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചതായി ധനമന്ത്രി അറിയിച്ചു. സംസ്ഥാന സർക്കാർ ഏഴര വർഷത്തിൽ 57,400 കോടിയോളം രൂപ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്കായി വിതരണം ചെയ്‌തിട്ടുണ്ട്‌. 64 ലക്ഷം പേരാണ്‌ പെൻഷൻ ഡാറ്റാ ബേസിലുള്ളത്‌. മസ്‌റ്ററിങ്‌ ചെയ്‌തിട്ടുള്ളവർക്കെല്ലാം പെൻഷൻ ലഭിക്കും. മറ്റുള്ളവർക്ക്‌ മസ്‌റ്ററിങ്‌ പൂർത്തിയാക്കുന്ന മാസം തന്നെ പെൻഷൻ ലഭിക്കും.