എരുമേലി: മണ്ഢല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ചു ഭക്തരുടെ തിരക്ക് വർധിച്ചതോടെ ദർശനത്തിനായി കാത്തു നിൽക്കേണ്ടത് മണിക്കൂറുകൾ. തിരക്ക് വർധിച്ചതോടെ തിരക്ക് നിയന്ത്രിക്കാനുള്ള പോലീസിന്റെ എല്ലാ നിയന്ത്രണങ്ങളും പാളി. കഴിഞ്ഞ ദിവസം പമ്പയിൽ നിന്നും സന്നിധാനത്തേക്ക് എത്താൻ വേണ്ടി വന്നത് 14 മണിക്കൂറിലധികം സമയമാണ്. തിരക്ക് വർധിച്ചതോടെ നിലയ്ക്കലിൽ പാർക്കിങ് സാധ്യമല്ലാത്തതിനാൽ വിവിധയിടങ്ങളിൽ പോലീസ് വാഹനങ്ങൾ പിടിച്ചിട്ടിരുന്നു. വാഹനങ്ങൾ പലസ്ഥലങ്ങളിലായി 8 മണിക്കൂറിലധികം പിടിച്ചിട്ടിരുന്നതായി തീർത്ഥാടകർ പറഞ്ഞു. എരുമേലി-ശബരിമല പാതയിൽ എരുമേലി, മുക്കൂട്ടുതറ, കണമല, നാറാണംതോട്, ഇലവുങ്കൽ, ളാഹ, പ്ലാപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ വാഹനങ്ങൾ പിടിച്ചിട്ടിരുന്നു. തിരക്ക് വർധിച്ചതോടെ ദർശന സമയം ഒരു മണിക്കൂർ കൂടി നീട്ടിയിട്ടുണ്ട്.