എരുമേലിയിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിന് കാരണം സമാന്തര പാതകൾ വേണ്ടവിധം ഉപയോഗിക്കാത്തതോ? പൊടിയടക്കാൻ വെള്ളം തളിക്കുന്നതും പ്രഹസനമെന്ന് ആക്ഷേപം.


എരുമേലി: എരുമേലിയിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിന് കാരണം സമാന്തര പാതകൾ വേണ്ടവിധം ഉപയോഗിക്കാത്തതിനാലാണെന്നു നാട്ടുകാർ. മണ്ഡല-മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ടു ശബരിമലയിലേക്ക് കൂടുതൽ തീർത്ഥാടകർ എത്തിത്തുടങ്ങിയതോടെ എരുമേലി നഗരത്തിലും പ്രധാന പാതകളിലും കഴിഞ്ഞ മൂന്നു ദിവസമായി മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി പുലർച്ചെ ആരംഭിക്കുന്ന ഗതാഗതക്കുരുക്ക് രാവിലെ പതിനൊന്നു മണിവരെ നീളാറുണ്ട്. ശബരിമലയിൽ ഭക്തജനത്തിരക്ക് വർധിച്ചതോടെ നിലയ്ക്കലിൽ പാർക്കിങ് സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ഇപ്പോൾ വാഹനങ്ങൾ എരുമേലിയിലും കണമലയിലും തുലാപ്പള്ളിയിലുമുൾപ്പടെ വിവിധയിടങ്ങളിലും ഇടത്താവളങ്ങളിലും വാഹനങ്ങൾ പിടിച്ചിടുകയാണ്. തീർത്ഥാടകരുടെ തിരക്ക് വർധിച്ചതോടെ പോലീസ് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മണിക്കൂറുകളോളം വാഹനങ്ങൾ പിടിച്ചിട്ട ശേഷമാണ് കടത്തിവിടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കാഞ്ഞിരപ്പള്ളി-എരുമേലി പ്രധാന പാതയിൽ കുറുവാമൂഴി അമ്പലവളവ് മുതൽ എരുമേലി വരെ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. സ്വകാര്യ-കെഎസ്ആർടിസി ബസ്സുകളും സ്‌കൂൾ ബസ്സുകളുമുൾപ്പടെ ഗതാഗതക്കുരുക്കിൽപ്പെട്ടു കിടക്കുകയായിരുന്നു. എരുമേലി-മുണ്ടക്കയം പ്രധാന പാതയിലും എരുമേലി മുതൽ ചരള വരെയും എരുമേലി-റാന്നി പ്രധാന പാതയിൽ എരുമേലി മുതൽ കരിങ്കല്ലുംമൂഴി വരെയും ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. സ്വകാര്യ ബസ്സുകൾ കരിങ്കല്ലുമൂഴിക്ക് ഇപ്പുറത്ത് നിന്നും സർവ്വീസ് അവസാനിപ്പിച്ചു തിരികെ പോകുകയായിരുന്നു. ശബരിമല സീസണിൽ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാകാനായി നിർമ്മിച്ച സമാന്തര പാതകൾ വേണ്ടവിധം ഉപയോഗിക്കാത്തതാണ് എരുമേലിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്നും പൊൻകുന്നം ഭാഗത്തു നിന്നും എരുമേലിയിലേക്ക് എത്തുന്ന തീർത്ഥാടകരുടെ വാഹനങ്ങൾ കുറുവാമൂഴി-ഓരുങ്കൽ കടവ് വഴി വഴിതിരിച്ചു വിടാവുന്നതാണ്. കഴിഞ്ഞ ഇടയ്ക്കാണ് കുറുവാമൂഴി-ഓരുങ്കൽ കടവ്-കരിമ്പിൻതോട് സമാന്തര പാത ലക്ഷങ്ങൾ മുടക്കി നവീകരിച്ചത്. എന്നാൽ എരുമേലിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുമ്പോഴും ഇതുവഴി വാഹനങ്ങൾ കടത്തിവിടുന്നില്ല. റാന്നി ഭാഗത്തു നിന്നും എത്തുന്ന തീർത്ഥാടകരുടെ വാഹനങ്ങൾ കരിമ്പിൻ തോട് നിന്നും സമാന്തര പാതയിലൂടെ എരുമേലിക്ക് വഴിതിരിച്ചു വിടാവുന്നതാണ്. ഈ വഴികളിലൂടെ വൺവേ സംവിധാനമോ ടൂവേ സംവിധാനമോ ഏർപ്പെടുത്തിയാലും എരുമേലി നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ ശാശ്വത പരിഹാരമുണ്ടാകും. ശബരിമലയിൽ നിന്നും തിരികെ എത്തുന്ന വാഹനങ്ങൾ എം ഇ എസ് കോളേജ് ജംഗ്ഷനിൽ നിന്നും പ്രൊപ്പോസ് വഴി വഴി തിരിച്ചു വിടാവുന്നതാണ്. ചെറുവാഹനങ്ങൾക്ക് നഗരത്തിലെത്താതെ കടന്നു പോകാവുന്ന സമാന്തര പാതയാകട്ടെ വിവിധ ഭാഗങ്ങൾ പൊട്ടിപ്പൊളിഞ്ഞു നാശത്തിന്റെ വക്കിലാണ്. എരുമേലി സർക്കാർ ആശുപത്രിയുടെ പിന്നിലൂടെ റാന്നി റോഡിലേക്കും മുണ്ടക്കയം റോഡിലേക്കും പ്രവേശിക്കുന്നതിനായി ചെറുവാഹനങ്ങൾക്ക് സഞ്ചരിക്കാമെങ്കിലും പാത വിവിധ ഭാഗങ്ങളിൽ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. പോലീസ് സ്റ്റേഷൻ റോഡിലൂടെ പ്രവേശിച്ചു സർക്കാർ ആശുപത്രിയിയുടെ പിന്നിലൂടെ എത്തിയാൽ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുൻപിലൂടെ എരുമേലി പ്രധാന പാതയിലേക്കും ബി എസ് എൻ എൽ ഓഫീസിനു സമീപത്തു നിന്നും വലത്തേക്ക് തിരിഞ്ഞാൽ എരുമേലി സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപമെത്താനും മുണ്ടക്കയം പ്രധാന പാതയായ ചരളയിൽ എത്താനും സാധിക്കും. സമാന്തര പാതകളിലൂടെ വാഹനങ്ങൾ കടത്തിവിട്ടു ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ. ശബരിമല തീർത്ഥാടനകാലത്ത് എരുമേലിയിൽ ഉണ്ടാകുന്ന പൊടിപടലങ്ങൾ അടക്കുന്നതിനായുള്ള വെള്ളം തളിക്കലും പ്രഹസനമാണെന്നു ആക്ഷേപമുയരുന്നുണ്ട്. എരുമേലി റാന്നി റോഡിൽ പോലീസ് സ്റ്റേഷൻ കഴിഞ്ഞു ഭാരത് പെട്രോളിയം പമ്പ് വരെയുള്ള ഭാഗങ്ങളിൽ പൊടിപടലങ്ങളുയർന്നു ദുസ്സഹമായതിനെ തുടർന്ന് വ്യാപാരികൾ പരാതി ഉന്നയിച്ചിരുന്നു. വാഹനങ്ങൾ കടന്നു പോകുമ്പോൾ പൊടിപടലങ്ങളുയർന്നു ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. മേഖലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും ഉടമകളും ചേർന്നാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ പൊടിയടക്കാൻ വെള്ളം തളിച്ചത്. വ്യാപാരികൾ പരാതി ഉന്നയിച്ചതോടെ വെള്ളം തളിക്കുന്ന വാഹനം ഇതുവഴിയെത്തിയെങ്കിലും വേഗത്തിൽ കടന്നു പോകുന്നതിനാൽ റോഡിലെ പൊടിപടലങ്ങൾ അടങ്ങുന്നില്ലെന്ന പരാതിയും ശക്തമാണ്.

ചിത്രം: രാജേഷ്.