കാഞ്ഞിരപ്പള്ളി: മമ്മൂട്ടിയുടെ 'കാതൽ' സിനിമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ചങ്ങനാശ്ശേരി അതിരൂപതാ സഹമെത്രാൻ മാർ തോമസ് തറയിൽ. മമ്മൂട്ടി അഭിനയിച്ച സിനിമയിലെ സ്വവർഗരതിയെ മഹത്വവത്ക്കരിക്കുന്ന എല്ലാ കഥാപാത്രങ്ങളും ക്രിസ്ത്യാനികൾ ആയത് എന്തുകൊണ്ടാണെന്നും സിനിമയുടെ കഥാപശ്ചാത്തലം ക്രൈസ്തവ ദേവലായങ്ങൾ ആയത് എന്തുകൊണ്ടാണെന്നും ചങ്ങനാശ്ശേരി അതിരൂപതാ സഹമെത്രാൻ മാർ തോമസ് തറയിൽ ചോദിച്ചു. കാഞ്ഞിരപ്പള്ളി പൊടിമറ്റം പാരീഷ് ഹാളിൽ നടന്ന കാഞ്ഞിരപ്പള്ളി രൂപത യുവജനസംഗമം നസ്രാണി യുവജന മാസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേറെ ഏതെങ്കിലും മതത്തിൻ്റെ പശ്ചാത്തലത്തിൽ ആ സിനിമ എടുത്തിരുന്നെങ്കിൽ സിനിമ തീയേറ്റർ കാണില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സഭയെ വിദ്യാഭ്യാസ കച്ചവടക്കാരായി മാത്രമാണ് ചലച്ചിത്രങ്ങളിലും മാധ്യമങ്ങളിലും ചിത്രീകരിക്കുന്നതെന്നും സഭയുടെ നന്മകൾ ഒരു മാധ്യമങ്ങളും പറയുന്നില്ലെന്നും സഭയെ മാധ്യമങ്ങൾ ഇരുട്ടിൻ്റെ മറവിൽ നിർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സഭയെ അപമാനിക്കുന്ന ചലച്ചിത്രങ്ങൾക്ക് മെച്ചപ്പെട്ട നിർമാതാക്കളെ കിട്ടുന്ന കാലമാണിത്. സഭയ്ക്ക് എതിരെയുള്ള വാർത്തകൾക്ക് സ്പോണ്‍സര്‍മാരെ കിട്ടാനും ഒരു പഞ്ഞമില്ലാത്ത കാലമാണെന്ന് തിരിച്ചറിയണമെന്നും മാർ തോമസ് തറയിൽ പറഞ്ഞു. ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ ദി കോർ’ എന്ന സിനിമയ്ക്കെതിരെയാണ് രൂക്ഷ വിമർശനവുമായി  ചങ്ങനാശ്ശേരി അതിരൂപതാ സഹമെത്രാൻ മാർ തോമസ് തറയിൽ രംഗത്ത് എത്തിയിരിക്കുന്നത്. നവംബർ 23നാണ് ചിത്രം റിലീസ് ചെയ്തത്.