കുട്ടികൾക്ക് കായികപരിശീലനം ഒരുക്കി ചിറക്കടവ് പഞ്ചായത്ത്.


കോട്ടയം: ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ സ്‌കൂൾ കുട്ടികൾക്കായുള്ള കായിക പരിശീലന പരിപാടി ചിറക്കടവ് ഗവൺമെന്റ് എൻ.എസ്.എൽ.പി. സ്‌കൂളിൽ ആരംഭിച്ചു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ കുട്ടികൾക്ക് യൂണിഫോം നൽകി പരിശീലനം പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ആന്റണി മാർട്ടിൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2,40,000 രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ശനിയും ഞായറും ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ 11 വരെ ചിറക്കടവ് എസ്.ആർ.വി.എൻ.എസ്.എസ് സ്‌കൂൾ ഗ്രൗണ്ടിലാണ് പരിശീലനം. ഗ്രാമപഞ്ചായത്തിലെ വിവിധ സ്‌കൂളുകളിൽ നിന്നായി 100 കുട്ടികളാണ് വിവിധ കായിക ഇനങ്ങളിലും കളികളിലും പരിശീലനത്തിലേർപ്പെടുന്നത്. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഷാജി പാമ്പൂരി, പി.ടി.എ. പ്രസിഡന്റ്് പ്രശാന്ത് കുമാർ, കോച്ച് കെ.എം. സുധീഷ് , നിർവഹണ ഉദ്യോഗസ്ഥൻ മുഹമ്മദ് ഫൈസൽ എന്നിവർ പങ്കെടുത്തു.