നവകേരള സദസ്: നിവേദനങ്ങളിൽ വേഗത്തിൽ നടപടി ഏഴുദിവസത്തിനുള്ളിൽ 113 എണ്ണം തീർപ്പാക്കി.


കോട്ടയം: കോട്ടയം ജില്ലയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസിൽ ലഭിച്ച നിവേദനങ്ങളിൽ നടപടികൾ വേഗത്തിലാക്കി. ഒമ്പതു നിയോജകമണ്ഡലങ്ങളിൽ നിന്നായി 42,656 പരാതികളാണ് നവകേരള സദസിൽ ലഭിച്ചത്. 40,850 പരാതികൾ നവകേരള സദസ് വെബ്‌സൈറ്റിൽ അപ് ലോഡ് ചെയ്ത് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ഏഴു ദിവസത്തിനുള്ളിൽ 113 നിവേദനങ്ങളിൽ നടപടി സ്വീകരിച്ച് തീർപ്പാക്കി. മറ്റു നിവേദനങ്ങളിൽ നടപടി ത്വരിതഗതിയിൽ പുരോഗമിക്കുന്നു. നിവേദനങ്ങൾ അപ് ലോഡ് ചെയ്യുന്നതും വകുപ്പുകൾക്ക് ഓൺലൈനായി കൈമാറുന്നതും പുരോഗമിക്കുകയാണ്. ജില്ലയിൽ ഡിസംബർ 12, 13, 14 തീയതികളിലായാണ് നവകേരള സദസ് നടന്നത്. നവകേരള സദസിൽ നിവേദനങ്ങൾ സമർപ്പിച്ച് പരമാവധി 45 ദിവസത്തിനകം തീർപ്പാക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. നിവേദനങ്ങളുടെ തൽസ്ഥിതിവിവരം https://navakeralasadas.kerala.gov.in/ എന്ന വെബ് സൈറ്റിൽ രസീത് നമ്പരോ മൊബൈൽ നമ്പർ നൽകിയോ അറിയാൻ സാധിക്കും.