കോട്ടയത്ത് ഭർത്താവുമായി പിണങ്ങി ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിക്ക് രക്ഷകരായി പോലീസ്.


കോട്ടയം: കോട്ടയത്ത് ഭർത്താവുമായി പിണങ്ങി ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിക്ക് രക്ഷകരായി പോലീസ്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.

ഗാന്ധിനഗറിനു സമീപം വാടകവീട്ടിൽ താമസിക്കുന്ന വൈക്കം സ്വദേശിനിയായ യുവതിയും ജോലി സ്ഥലത്ത് ആയിരുന്ന ഭർത്താവും തമ്മിൽ കുടുംബകാര്യങ്ങൾ പറഞ്ഞു പിണങ്ങിയ യുവതി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഫോണിൽ സംസാരിക്കുന്നതിനിടെ ഭർത്താവുമായി പിണങ്ങിയ യുവതി ഫോൺ കട്ട് ചെയ്ത ശേഷം ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഫോൺ കട്ട് ചെയ്തപ്പോൾ സംഭവത്തിൽ പന്തികേട് തോന്നിയ ഭർത്താവ് വീട്ടുടമയെ ഫോണിൽ ബന്ധപ്പെട്ട് വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ വീട്ടുടമ കതകിൽ തട്ടി വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്ന് വീട്ടുടമ ഗാന്ധിനഗർ പോലീസിൽ ബന്ധപ്പെടുകയായിരുന്നു. വിവരമറിഞ്ഞു ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് സംഘം കതകിൽ തട്ടി വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്നു ജനലിന്റെ ചില്ലു പൊട്ടിച്ച് മുറിക്കുള്ളിലേക്കു നോക്കിയപ്പോഴാണു യുവതി കഴുത്തിൽ കയറിട്ട് തൂങ്ങിനിൽക്കുന്നതു കണ്ടത്.  തുടർന്ന് മുറിയുടെ വാതിൽ ചവിട്ടിത്തുറക്കുകയായിരുന്നു. ജീവനുണ്ടെന്നു തിരിച്ചറിഞ്ഞതോടെ യുവതിയെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ബിജുമോൻ, സിപിഒമാരായ സജിത്ത്, രഞ്ജിത്ത് എന്നിവരുടെ സമയോചിത ഇടപെടലിലാണ് യുവതിയുടെ ജീവൻ തിരിച്ചു കിട്ടിയത്. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.