എരുമേലിയിൽ നിന്നും ചപ്പാത്തിയും കറിയും കഴിച്ച തീർഥാടകർക്ക് ഭക്ഷ്യവിഷബാധ, ആരോഗ്യ വകുപ്പ് ഹോട്ടൽ അടപ്പിച്ചു.


എരുമേലി: എരുമേലിയിൽ നിന്നും ചപ്പാത്തിയും കറിയും കഴിച്ച തീർഥാടകർക്ക് ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ഹോട്ടൽ അടപ്പിച്ചു.

എരുമേലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമുള്ള ശ്രീകൃഷ്ണ ഹോട്ടലാണ് ആരോഗ്യ വകുപ്പ് അധികൃതർ എത്തി അടപ്പിച്ചത്. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഹോട്ടലിൽ നിന്നു പഴകിയ എണ്ണയും പഴകിയ ഭക്ഷണവും കണ്ടെത്തി. തുടർന്ന് അധികൃതർ ഹോട്ടൽ അടപ്പിക്കുകയായിരുന്നു. ഹോട്ടലിൽ നിന്ന് ചപ്പാത്തിയും വെജിറ്റബിൾ കറിയും കഴിച്ചവർക്ക് പമ്പയിൽ എത്തിയപ്പോൾ ഛർദിയും വയറിളക്കവും ഉണ്ടായതിനെ തുടർന്ന് പമ്പയിൽ ചികിത്സ തേടുകയും തുടർന്ന് എരുമേലിയിലെ ഹോട്ടലിനെതിരെ പരാതി നൽകുകയും ചെയ്യുകയായിരുന്നു. ഭക്ഷണം പാകം ചെയ്യുന്നതു വൃത്തിഹീനമായി സാഹചര്യത്തിലാണെന്നും ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ലാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നതെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

ചിത്രം: എരുമേലിയിൽ തീർഥാടകർ.