ശബരിമലയിലേക്ക് ഭക്തജന പ്രവാഹം, എരുമേലിയിൽ മണിക്കൂറുകൾ ഗതാഗതക്കുരുക്കിൽ വാഹനങ്ങൾ, തീർഥാടകരുടെ വാഹനങ്ങൾ എരുമേലിയിൽ തടയുന്നു.


 എരുമേലി: ശബരിമലയിലേക്ക് തീർഥാടകരുടെ പ്രവാഹം. കഴിഞ്ഞ ദിവസം മുതൽ കൂടുതലായി ഭക്തർ എത്തിയതോടെ വാഹനങ്ങൾ എരുമേലിയിൽ പോലീസ് തടഞ്ഞു. മണ്ഡലകാലം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തീർഥാടകരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. എരുമേലിയിൽ മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. എരുമേലിയിലേക്കുള്ള പ്രധാന പാതകൾ ഉൾപ്പെടെ സമാന്തര പാതകളിലും ഗതാഗത കുരുക്കാണ്. വാഹനങ്ങൾ മണിക്കൂറുകളോളം നീങ്ങാതെ വന്നതോടെ എരുമേലി-ഒരുങ്കൽ കടവ് റോഡിൽ തീർഥാടകർ വാഹനം നിർത്തിയിട്ട റോഡിൽ ഭക്ഷണം പാകം ചെയ്യാൻ ആരംഭിച്ചു. ക്രിസ്മസ് ദിനത്തിൽ ദേവാലയത്തിലേക്ക് പോകുന്നതിനായി എത്തിയവരും എരുമേലിയിൽ ഗതാഗത കുരുക്കിൽ അകപ്പെട്ടു. പുലർച്ചെ 2 മണിക്ക് എത്തിയ വാഹനങ്ങൾ ഇതുവരെയും എരുമേലി വിട്ടിട്ടില്ല. അതേസമയം നിലയ്ക്കലിൽ പാർക്കിങ് മൈതാനം വാഹനങ്ങളാൽ നിറഞ്ഞതിനാൽ എരുമേലിയിൽ നിന്നും വാഹനങ്ങൾ ശബരിമലയിലേക്ക് പോകുന്നത് പോലീസ് തടഞ്ഞു. ഭക്തരുടെ വാഹനങ്ങൾ മണിക്കൂറുകളോളം പിടിച്ചിട്ടതോടെ തീർഥാടകരും പോലീസും തമ്മിൽ വാക്കേറ്റം ഉണ്ടായി. തീർഥാടകർ റോഡ് ഉപരോധിച്ചു. ശബരിമല ദർശനത്തിനു എത്തുന്നവരുടെ എണ്ണം വർധിച്ചതോടെ വാഹനങ്ങൾ പാലാ, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നിവിടങ്ങളിൽ പോലീസ് വാഹനങ്ങൾ പിടിച്ചിടുന്നുണ്ട്. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിന് മുൻപിലും പോലീസ് വാഹനങ്ങൾ തടയുന്നുണ്ട്. ഇന്നലെയും തീർഥാടകരുടെ വാഹനങ്ങൾ പോലീസ് തടന്നിരുന്നു.