കോട്ടയം: പെർമിറ്റ് ലംഘനത്തിന്റെ പേരിൽ മോട്ടർ വാഹന വകുപ്പു പിടിച്ചെടുത്ത ഈരാറ്റുപേട്ട ഇടമറുക് പാറയിൽ ബേബി ഗിരീഷിന്റെ ഉടമസ്ഥതയിലുള്ള റോബിൻ ബസ് ഉടമയ്ക്ക് വിട്ടുനൽകാൻ കോടതി ഉത്തരവ്.
പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ബസ്സ് ഉടമയ്ക്കു വിട്ടുനൽകാൻ ഉത്തരവിട്ടത്. നിയമലംഘനങ്ങളുടെ പേരിൽ ബസ്സിന് ചുമത്തിയ 82000 രൂപ പിഴ അടച്ച ശേഷവും ബസ്സ് വിട്ടുനൽകുന്നില്ല എന്ന് ആരോപിച്ചു ഗിരീഷ് കോടതിയെ സമീപിച്ചിരുന്നു. പിഴ അടച്ചാൽ വാഹനം വിട്ടുനല്കണമെന്നു ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ പിഴ അടച്ചിട്ടും വാഹനം വിട്ടുനൽകിയിരുന്നില്ല. മോട്ടോർ വാഹന വകുപ്പും പോലീസും തന്നെ വട്ടംകറക്കുകയായിരുന്നു എന്ന് ഗിരീഷ് പറഞ്ഞു. തുടർന്ന് പത്തനംതിട്ട കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ മാസം 23ന് ആണ് ബസ് തുടർച്ചയായ പെർമിറ്റ് ലംഘനത്തിന്റെ പേരിൽ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തത്. ബസിലെ സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കണമെന്നും കോടതി നിര്‍ദേശമുണ്ട്. ബസ് വിട്ടു കിട്ടിയാല്‍ തകരാറുകള്‍ പരിഹരിച്ചു ഉടൻ സർവ്വീസ് തുടങ്ങുമെന്നും ഗിരീഷ് പറഞ്ഞു. പത്തനംതിട്ട-കോയമ്പത്തൂർ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെര്മിറ്റിലാണ് റോബിൻ ബസ്സ് സർവ്വീസ് ആരംഭിച്ചത്. നിരവധി തവണ വാഹനം പെർമിറ്റ് ലംഘനം നടത്തിയതായി ആരോപിച്ചു മോട്ടോർ വാഹന വകുപ്പ് പിഴയീടാക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.