ലോക ഇമ്മ്യൂണൈസേഷൻ ദിനാഘോഷം, കുട്ടികൾക്ക് കൃത്യമായി വാക്‌സിനുകൾ നൽകാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.


കോട്ടയം: കുട്ടികളുടെ അതിജീവനത്തിന് മികച്ച രക്ഷാകവചമാണ് വാക്സിനുകൾ ഒരുക്കുന്നതെന്നും കൃത്യമായി നൽകാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ലോക ഇമ്മ്യൂണൈസേഷൻ ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു എം.എൽ.എ. 11 മാരകരോഗങ്ങൾ കുഞ്ഞുങ്ങൾക്ക് വരാതിരിക്കാൻ പ്രതിരോധ വാക്‌സിൻ സഹായിക്കും. രോഗപ്രതിരോധം കുട്ടികളുടെ അവകാശമാണ്. ഭാവിയിലെ വെല്ലുവിളികൾ നേരിടുന്നതിനു കുട്ടികളെ പ്രാപ്തരാക്കുന്നതിനു പുറമെ വിദേശരാജ്യങ്ങളിലെ പഠനത്തിനും തൊഴിലിനും ഹജ്ജ് ഉൾപ്പെടെ അന്താരാഷ്ട്ര തീർഥാടനങ്ങൾക്കും പ്രതിരോധ മരുന്നുകൾ സ്വീകരിക്കാത്തവർക്ക് പ്രവേശനം അനുവദിക്കാറില്ലെന്നും എം.എൽ.എ. പറഞ്ഞു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് അധ്യക്ഷയായി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ മുഖ്യപ്രഭാഷണം നടത്തി. പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ജൂബി അഷ്റഫ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി ഫിലിപ്പ്, മുൻ പ്രസിഡന്റ് ഡയസ് കോക്കാട്ട്, സ്ഥിരംസമിതി അധ്യക്ഷ സോഫി ജോസഫ്, ജോണി മഠത്തിനകം, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി.ജെ. മോഹനൻ, സാജൻ കുന്നത്ത്, പഞ്ചായത്തംഗം ഷാലിമ ജെയിംസ്, ജില്ലാ ആർ. സി.എച്ച്. ഓഫീസർ ഡോ. കെ.ജി. സുരേഷ്, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, മെഡിക്കൽ ഓഫീസർ ഡോ. വി.എം. ഉണ്ണികൃഷ്ണൻ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ദിനാചരണത്തോടനുബന്ധിച്ച് നടന്ന ബോധവത്കരണ റാലി പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ ഫ്ളാഗ് ഓഫ് ചെയ്തു. മേരി ക്വീൻസ് നഴ്‌സിങ് സ്‌കൂൾ വിദ്യാർഥിനികൾ, കാഞ്ഞിരപ്പള്ളി എസ്.ഡി. കോളജ് എൻ.എസ്.എസ്. വോളന്റീയർമാർ എന്നിവർ ഫ്‌ളാഷ് മോബ്, സ്‌കിറ്റ് എന്നിവ അവതരിപ്പിച്ചു. പാറത്തോട് കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാർ, ആശാ പ്രവർത്തകർ എന്നിവർ ഇമ്മ്യൂണൈസേഷൻ സംബന്ധിച്ച നാടൻപാട്ട് അവതരിപ്പിച്ചു.