കോട്ടയം: കോട്ടയം എം.ഡി. സെമിനാരി എൽ.പി.എസിലെ മൂന്നാംക്ലാസ് വിദ്യാർഥി നിഷാൻ ഷറഫ് കുട്ടികളുടെ പ്രധാനമന്ത്രി. ഏറത്തുവടകര യു.പി.എസിലെ ഏഴാംക്ലാസ് വിദ്യാർഥിനി റിനു നിസ് മാർട്ടിനാണ് കുട്ടികളുടെ സ്പീക്കർ. ജില്ലാ ശിശുക്ഷേമ സമിതി എൽ.പി. വിഭാഗം വിദ്യാർഥികൾക്കായി നടത്തിയ ജില്ലാതല മലയാളം പ്രസംഗമത്സരത്തിൽ ഒന്നാംസ്ഥാനം നേടിയാണ് കുട്ടികളുടെ പ്രധാനമന്ത്രിയായി നിഷാൻ തിരഞ്ഞെടുക്കപ്പെട്ടത്.
ഇതു രണ്ടാംതവണയാണ് നിഷാൻ കുട്ടികളുടെ പ്രധാനമന്ത്രിയാകുന്നത്. യു.പി. വിഭാഗം മലയാളം പ്രസംഗമത്സരത്തിൽ ഒന്നാംസ്ഥാനം നേടിയാണ് റിനു സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്. നവംബർ 14 ന് ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ജില്ലാതല ശിശുദിനാഘോഷ സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുക. സ്പീക്കറാണ് അധ്യക്ഷ്യം വഹിക്കുക.
കോട്ടയം ഇല്ലിക്കൽ പതിനൊന്നിൽ കൂർക്ക കാലായിൽ ഷെറഫ് പി. ഹംസയുടെയും ഷെറിൻ സുലെയുടെയും മകനാണ് നിഷാൻ. മുൻപ് കുട്ടികളുടെ പ്രധാനമന്ത്രിയായിരുന്ന നിബിൻ ഷറഫ് സഹോദരനാണ്. കുളത്തൂർമുഴി മാടപ്പാട്ട് മാർട്ടിൻ സി. ജോസഫിന്റെയും നിസാ മോൾ ജോണിന്റെയും മകളാണ് റിനു. റിയ നിസ് മാർട്ടിൻ, റീഗ നിസ് മാർട്ടിൻ എന്നിവരാണ് സഹോദരങ്ങൾ.
ഹൈസ്‌കൂൾ വിഭാഗം മലയാളം പ്രസംഗമത്സരത്തിൽ എം.ഡി. സെമിനാരി എച്ച്.എസ്.എസിലെ നികേത് മനോജ് ഒന്നാംസ്ഥാനം നേടി. ഹയർസെക്കൻഡറി വിഭാഗം മലയാളം പ്രസംഗമത്സരത്തിൽ ചങ്ങനാശേരി സെന്റ് ജോസഫ്‌സ് ജി.എച്ച്.എസ്.എസിലെ അലീന അന്ന സണ്ണി ഒന്നാംസ്ഥാനം നേടി. ഇവരാണ് ശിശുദിനാഘോഷ സമ്മേളനത്തിൽ സ്വാഗതവും നന്ദിയും പറയുക.