കോട്ടയം: കോട്ടയത്ത് ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കോട്ടയം അതിരമ്പുഴ കാട്ടൂപ്പാറ ഷൈമോൾ സേവ്യർ(24) ആണ് മരിച്ചത്. യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ ഭർത്താവ് അതിരമ്പുഴ ശ്രീകണ്ഠമംഗലം പനയത്തിക്കവല പാക്കത്തുകുന്നേൽ അനിൽ വർക്കി (26)യെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ 7 നാണു ഷൈമോളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രണയത്തിലായിരുന്ന ഇരുവരും 4 വര്ഷം മുൻപാണ് വിവാഹിതരായത്. ഇവർക്ക് 2 വയസ്സുള്ള കുട്ടിയുണ്ട്. ഭർത്താവും ബന്ധുക്കളും ചേർന്ന് നിരന്തര ശാരീരിക മാനസിക പീഡനത്തിന് വിധേയയാക്കിയെന്നാരോപിച്ച് ഷൈമോളുടെ കുടുംബം ഏറ്റുമാനൂർ പോലീസിൽ പരാതി നൽകിയിരുന്നു. കുറേ നാളുകളായി അനിൽ ഷൈമോളെ ശാരീരികമായി ഉപദ്രവിച്ചിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച ദിവസം ഭർത്താവിന്റെ ശാരീരിക പീഡനം സഹിക്കാതെ വന്നതോടെ മനം മടുത്ത് ഭർതൃവീട്ടിൽ നിന്ന് ഷൈമോൾ സ്വന്തം വീട്ടിലെത്തിയിരുന്നു. തുടർന്ന് പ്രശ്നങ്ങളുണ്ടാകില്ലെന്ന് അനിലിന്റെ വീട്ടുകാർ ഉറപ്പു നൽകിയതിനെ തുടർന്നാണ് ഷൈമോൾ വീണ്ടും അനിലിന്റെ വീട്ടിലേക്കു മടങ്ങി പോയത്. എന്നാൽ ചൊവ്വാഴ്ച രാവിലെ ഷൈമോൾ അമ്മയെ ഫോണിൽ വിളിക്കുകയും അനിലിന്റെ ഉപദ്രവത്തെ കുറിച്ച് പരാതി പറയുകയും ചെയ്തിരുന്നു. പിന്നീട് ഒരു മണിക്കൂറിനു ശേഷം ഷൈമോളുടെ മരണ വാർത്തയാണ് അറിഞ്ഞതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. മകളുടെ മരണ വിവരം അറിയിക്കുന്നതിലും വീഴ്ച സംഭവിച്ചതായി വീട്ടുകാർ പറയുന്നു. സ്ത്രീധനത്തെ ചൊല്ലിയുള്ള മരണം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമുള്ള കേസുകളാണ് ഭർത്താവ് അനിലിനെതിരെ ചുമത്തിയിരിക്കുന്നത്. മകളെ നെഞ്ചുവേദനയെ തുടർന്നു ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്നും ഉടൻ വരണമെന്നുമാണ് അനിലിന്റെ വീട്ടുകാർ ഷൈമോളുടെ വീട്ടുകാരെ അറിയിച്ചത്. ഷൈമോളുടെ ചെവിയിൽ നിന്ന് ചോര വാർന്നതും കൈത്തണ്ടയിൽ ഉണ്ടായിരുന്ന പാടുകളും കണ്ടതോടെയാണ് മരണത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. ഭർത്താവ് ഉപദ്രവിക്കുന്നു എന്നും ഭർതൃവീട്ടിൽ താമസിക്കാൻ ഭയമാണെന്നും മകൾ പറഞ്ഞിരുന്നതായി മാതാവ് ഷീല പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമാർട്ടം നടത്തിയ മൃതദേഹം വ്യാഴാഴ്ച സംസ്കരിച്ചു.