തിരുവാർപ്പ് സമ്പൂർണ മാലിന്യമുക്ത പഞ്ചായത്ത്.


കോട്ടയം: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി തിരുവാർപ്പ് ഗ്രാമപഞ്ചായത്തിനെ സമ്പൂർണ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പ്രഖ്യാപനം നടത്തി. മാലിന്യം ഉറവിടത്തിൽതന്നെ സംസ്‌ക്കരിക്കുന്ന ശീലം വളരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ അധ്യക്ഷത വഹിച്ചു. മാലിന്യമുക്തഗ്രാമപഞ്ചായത്ത് ലക്ഷ്യത്തിലേക്ക് പഞ്ചായത്തിനെ എത്തിച്ച 37 ഹരിതകർമ്മ സേനാംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. മാലിന്യമുക്തമാക്കുന്നതിന് വിവിധങ്ങളായ  പ്രവർത്തനങ്ങളാണ് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയത്. പഞ്ചായത്തിൻറ പരിധിയിൽ മാലിന്യം തള്ളിയിരുന്ന 45 പൊതുഇടങ്ങൾ കണ്ടെത്തി പൂർണമായും ശുചീകരിച്ചു. വീണ്ടും മാലിന്യം നിക്ഷേപിക്കുന്നില്ലെന്ന് ഉറപ്പാക്കി. ഹരിതകർമ്മസേന കവറേജും യൂസർ ഫീ ശേഖരണവും 100 ശതമാനം എത്തിച്ചു. ഒക്ടോബർ 12 ന് പഞ്ചായത്തിലെ എല്ലാ വാർഡുകളിലും വീടുകളിൽ സൂക്ഷിച്ച അജൈവ മാലിന്യങ്ങൾ ഒരു പ്രത്യേക കേന്ദ്രത്തിൽ ശേഖരിച്ചു. ഇവ ക്ലീൻ കേരള കമ്പനിക്ക് കൈമാറി. മാലിന്യം വലിച്ചെറിയപ്പെട്ടിരുന്ന പഞ്ചായത്ത് പരിധിയിലെ 12 സ്ഥലങ്ങളിൽ പൂന്തോട്ടങ്ങൾ ഒരുക്കിയുമാണ് നേട്ടം കൈവരിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തംഗം എ.എം ബിന്നു, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സി.ടി. രാജേഷ്, കെ.ആർ. അജയ്,പി.എസ്.  ഷീന മോൾ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ലക്ഷ്മി പ്രസാദ്, പഞ്ചായത്ത് സെക്രട്ടറി ടി.ആർ. രാജശ്രീ, മാലിന്യമുക്തം നവകേരളം ഏറ്റുമാനൂർ മണ്ഡലം കോ-ഓർഡിനേറ്റർ എ.കെ. ആലിച്ചൻ, ലൈഫ് മിഷൻ കോ-ഓഡിനേറ്റർ ഷറഫ് പി. ഹംസ, സി.ഡി.എസ്. ചെയർപേഴ്‌സൺ രജനി മോഹൻദാസ്, ഹരിതകർമ്മസേനാംഗങ്ങളുടെ കൺവീനർ പി.പി. സ്മിത, പഞ്ചായത്തംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.