ശബരിമല തീർത്ഥാടനം: 19 അടിയന്തര വൈദ്യ സഹായകേന്ദ്രങ്ങളൊരുക്കി ആരോഗ്യവകുപ്പ്.


ശബരിമല: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കി ആരോഗ്യവകുപ്പ്. ഇന്ന് മുതല്‍ പമ്പ, നീലിമല, അപ്പാച്ചിമേട്, ചരല്‍മേട്, സന്നിധാനം, നിലയ്ക്കല്‍, പന്തളം വലിയകോയിക്കല്‍ താല്‍ക്കാലിക ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി ശബരിമല വാര്‍ഡ് എന്നിവിടങ്ങളില്‍ സ്പെഷ്യല്‍ ഡ്യൂട്ടിയ്ക്കായി ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. പമ്പ, നിലയ്ക്കല്‍, വടശേരിക്കര, റാന്നി പെരുനാട്, ഇലവുങ്കല്‍, പന്തളം ഇടത്താവളം എന്നിവിടങ്ങളില്‍ ആംബുലന്‍സ് സര്‍വീസ് ഉറപ്പാക്കും. തീര്‍ത്ഥാടന കാലയളവിലേ ക്കാവശ്യമായ മരുന്നുകള്‍, ബ്ലീച്ചിംഗ് പൗഡര്‍, ഓക്സിജന്‍ സിലിണ്ടര്‍, ആശുപത്രി ഉപകരണങ്ങള്‍ മുതലായവ കെ.എം.എസ്.സി.എല്‍. മുഖേന പമ്പ ഗവ.ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. തീര്‍ത്ഥാടന കാലയളവില്‍ സാമൂഹികാരോഗ്യകേന്ദ്രം റാന്നി-പെരുനാട്, ഗവ.മെഡിക്കല്‍ കോളേജ് കോന്നി, അടൂര്‍ ജനറല്‍ ആശുപത്രി, തിരുവല്ല, റാന്നി  താലൂക്ക് ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ പ്രത്യേക ശബരിമല വാര്‍ഡ് സജ്ജീകരിക്കും. ഡി.വി.സി.യൂണിറ്റിന്റെ നേതൃത്വത്തില്‍ വെക്ടര്‍ കണ്‍ട്രോള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. സന്നിധാനം, അപ്പാച്ചിമേട്, നീലിമല, പമ്പ, എന്നീ ആശുപത്രികളില്‍ വിദഗ്ദ്ധ കാര്‍ഡിയോളജി, പള്‍മണോളജി ഡോക്ടര്‍മാരെ നിയമിച്ചു. കൂടാതെ, പമ്പ മുതല്‍ സന്നിധാനം വരെയുളള നടപ്പാതകളിലും കരിമലയിലുമായി 19 അടിയന്തര  വൈദ്യ സഹായകേന്ദ്രങ്ങള്‍ ആരംഭിക്കും. ആവശ്യമായ നേഴ്സിംഗ് ആഫിസര്‍ ജീവനക്കാരുടെ നിയമനം നടത്തിയിട്ടുണ്ട്. ടെക്നിക്കല്‍ അസിസ്റ്റന്റിന്റെ നേതൃത്വത്തില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍, പന്തളം ഇടത്താവളം എന്നിവിടങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി  ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തുടങ്ങിയവരെ നിയമിച്ചു. ജനുവരി ഒന്ന് മുതല്‍ 14 വരെ കരിമല ഡിസ്പെന്‍സറി പ്രവര്‍ത്തിപ്പിക്കും. പന്തളം വലിയകോയിക്കല്‍ താല്‍ക്കാലിക ആശുപത്രിയില്‍ ആരോഗ്യസേവനത്തിനായി ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ശബരിമലയിലെ വിവിധ ആശുപത്രികളില്‍ ഫിസിഷ്യന്‍, ഓര്‍ത്തോപീഡീഷ്യന്‍, അനസ്തറ്റിസ്റ്റ്, ജനറല്‍ സര്‍ജന്‍, അസിസ്റ്റന്റ് സര്‍ജന്‍ എന്നീ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്നതാണ്. കൂടാതെ പത്തനംതിട്ട ജനറല്‍ ആശുപത്രി ശബരിമല വാര്‍ഡില്‍ അഞ്ച് ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാകുന്നതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) എല്‍ അനിതാകുമാരി അറിയിച്ചു.

ആംബുലന്‍സ് വിവരം:

ഗവ: ആശുപത്രി, പമ്പ - അഡ്വാന്‍സ് ലൈഫ് സപ്പോര്‍ട്ട് (എഎല്‍എസ്)- മൂന്ന്

ബേസിക് ലൈഫ് സപ്പോര്‍ട്ട് (ബിഎല്‍എസ് ) അഞ്ച്

നിലക്കല്‍ - എഎല്‍എസ്- മൂന്ന് , ബിഎല്‍എസ്- മൂന്ന്

റാന്നി പെരുനാട് - ബിഎല്‍എസ്- രണ്ട്

വടശേരിക്കര - ബിഎല്‍എസ്- ഒന്ന്

ജനറല്‍ ആശുപത്രി, പത്തനംതിട്ട - ബിഎല്‍എസ് - നാല്

പന്തളം വലിയകോയിക്കല്‍ - ബിഎല്‍എസ് - ഒന്ന്