കോട്ടയം: കോവിഡ് കാലത്ത് കർണ്ണാടകയിൽ കുടുങ്ങിക്കിടന്ന വിദ്യാർത്ഥികളെ കോട്ടയത്തെത്തിക്കാൻ സർക്കാരിനൊപ്പം നിന്ന ബസ്സ്, മലബാർ മേഖലകളിൽ നിന്നും കോട്ടയത്തേക്കും പാലായിലേക്കും എത്തുന്ന വിദ്യാർത്ഥികളുടെ ഏറ്റവും അടുത്ത സുഹൃത്തായി മാറിയ ബസ്സും ജീവനക്കാരും, ഇങ്ങനെ വിശേഷങ്ങൾ ഏറെയുള്ള കോട്ടയം ആനിക്കാട് സ്വദേശിയായ സിബി തോമസിന്റെ ഹോളി മരിയ ബസ്സ് ഇപ്പോൾ മോട്ടോർ വാഹന വകുപ്പിന്റെ പ്രതികാര നടപടികൾക്ക് പാത്രമായിക്കൊണ്ടിരിക്കുകയാണ്. റോബിൻ മോട്ടോഴ്സിന് പിന്നാലെ ഹോളി മരിയ ബസ്സിനോടും മോട്ടോർ വാഹന വകുപ്പിന്റെ പ്രതികാര നടപടികൾ തുടരുകയാണ്. കോട്ടയത്തു നിന്നും മലബാർ മേഖലകളിലേക്ക് സർവ്വീസ് നടത്തുന്നത് നിരവധി ബസ്സുകളാണ്. നികുതിയടയ്ക്കാൻ ദിവസം നീട്ടി നല്കിയിരിക്കെ 4 ദിവസം ബാക്കി നിൽക്കെ ഹോളി മരിയയുടെ ബസ്സിന്‌ മോട്ടോർ വാഹന വകുപ്പ് പിഴയീടാക്കിയത് 14000 രൂപയാണ്. രണ്ടാഴ്ചക്കിടെ രണ്ടു ബസ്സുകൾക്കായി ലഭിച്ചത് 21500 രൂപയുടെ പിഴയാണെന്നും ഉടമ സിബി തോമസ് പറയുന്നു. ദീർഘദൂര സ്വകാര്യ ബസ്സ് സർവീസുകൾക്ക് പെർമിറ്റ് പുതുക്കി നൽകാതെ സർക്കാർ ഉരുണ്ടുകളിക്കുകയാണ്. കേരളത്തിൽ സ്വകാര്യ ബസ്സ് വ്യവസായം അധികനാൾ ഇനിയുണ്ടായേക്കില്ല. സർക്കാരിന്റെയും വിവിധ വകുപ്പുകളുടെയും പ്രതികാര നടപടികൾക്ക് ഉടമകൾ പാത്രമായിക്കൊണ്ടിരിക്കുകയാണ്. സർക്കാർ പെർമിറ്റ് പുതുക്കി നൽകാത്തതിനാൽ നൂറിലധികം ബസ്സുകളാണ് ഇപ്പോൾ ടൂറിസ്റ്റ് പെര്മിറ്റിലേക്ക് എത്തിയിരിക്കുന്നത്. വഴിയിൽ തടഞ്ഞു നിർത്തി പിഴയീടാക്കുകയും യാത്രക്കാരോട് മോശമായി പെരുമാറുന്ന രീതിയുമാണ് വകുപ്പ് ഉദ്യോഗസ്ഥർ കാണിക്കുന്നതെന്നും സിബി തോമസ് പറഞ്ഞു. നഷ്ടം സഹിച്ചും വാഹനം ഓടിക്കാൻ സ്വകാര്യ ബസ്സ് ഉടമകൾ സന്നദ്ധരാകുമ്പോൾ ഉപദ്രവിക്കുന്ന രീതിയാണ് സർക്കാർ പിന്തുടരുന്നതെന്നും അദ്ദേഹം പറയുന്നു.