ശബരിമല തീര്‍ഥാടകര്‍ക്ക് വിപുലമായ യാത്രാസൗകര്യങ്ങള്‍ സജ്ജമാക്കി കെഎസ്ആര്‍ടിസി.


ശബരിമല: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് തീര്‍ഥാടകര്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കാന്‍ വിപുലമായ സൗകര്യങ്ങള്‍  കെഎസ്ആര്‍ടിസി സജ്ജമാക്കി. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്കായി പമ്പ, നിലയ്ക്കല്‍ ബസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ചെയിന്‍ സര്‍വീസുകളും ചാര്‍ട്ടേര്‍ഡ് സര്‍വീസുകളും അടക്കമുള്ള  ക്രമീകരണങ്ങളാണ് കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്നത്. പമ്പയില്‍ നിന്നും നിലയ്ക്കലിലേക്ക് ഇടമുറിയാതെ ചെയിന്‍ സര്‍വീസുകള്‍ ലഭ്യമാണ്. ഇവയ്ക്കുള്ള ടിക്കറ്റുകള്‍ ബസില്‍ തന്നെ ലഭിക്കും. ത്രിവേണി ജംങ്ഷനില്‍ നിന്നും ചെയിന്‍ സര്‍വീസുകള്‍ നടത്തും. പമ്പ ബസ് സ്റ്റേഷനില്‍ നിന്നും ചെങ്ങന്നൂര്‍, തിരുവനന്തപുരം, എറണാകുളം, കുമിളി, കോട്ടയം, കമ്പം, തേനി, പഴനി, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദീര്‍ഘദൂര സര്‍വീസുകള്‍ ഉണ്ടായിരിക്കും. തീര്‍ഥാടകര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് പ്രത്യേക ചാര്‍ട്ടേഡ് ബസുകളും ഗ്രൂപ്പ് ടിക്കറ്റ്, ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനവും ലഭ്യമാണ്. ത്രിവേണി, യു ടേണ്‍ എന്നിവിടങ്ങളില്‍ നിന്നും പമ്പ് ബസ് സ്റ്റേഷനിലേക്ക് സൗജന്യ സര്‍വീസും കെഎസ്ആര്‍ടിസി ക്രമീകരിച്ചിട്ടുണ്ട്. നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ കേന്ദ്രീകരിച്ച് നിലയ്ക്കല്‍ ബസ് സ്റ്റേഷനിലേക്ക് പത്ത് രൂപാ നിരക്കില്‍ ബസ് സര്‍വീസ് ഉണ്ടായിരിക്കും.  നിലയ്ക്കല്‍ നിന്ന് പമ്പയിലേക്കും ഇടമുറിയാതെ ചെയിന്‍ സര്‍വീസുകള്‍ ലഭ്യമാണ്. ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനായി ത്രിവേണി ജംങ്ഷനില്‍ നിന്നും നിലയ്ക്കല്‍ ബസ് സ്റ്റേഷനിലേക്കുള്ള റോഡില്‍ കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാണ് അനുവദിക്കുക. തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്ക് ഈ റോഡില്‍ പ്രവേശനം ഇല്ലെന്നും കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു.