നവകേരള സദസ്; ചങ്ങനാശേരിയിൽ ഒരുക്കങ്ങൾ വിലയിരുത്തി.

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന് വേദിയാകുന്ന ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ എസ്. ബി. കോളേജിലെ ഫുട്ബോൾ മൈതാനം അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. സന്ദർശിച്ചു. പൊതുജനങ്ങളുടെ പരാതി സ്വീകരിക്കുന്ന കൗണ്ടറുകൾ, പ്രവേശന കവാടം, ഫയർ ആൻഡ് റെസ്‌ക്യൂ ടീമിനുള്ള സ്ഥലം, വി.ഐ. പി. ഇരിപ്പിടങ്ങൾക്കുള്ള ഭാഗം എന്നിവയുടെ സജ്ജീകരണങ്ങൾ സംബന്ധിച്ച മുന്നൊരുക്കത്തിനായാണ് സംഘമെത്തിയത്. ഡിസംബർ 13 ന് വൈകിട്ട്  നാലിനാണ് മുഖ്യമന്ത്രിയും 20 മന്ത്രിമാരും ചങ്ങനാശേരിയിലെത്തുന്നത്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, എൽ.ആർ. വിഭാഗം ഡെപ്യൂട്ടി കളക്ടർ സോളി ആന്റണി, തഹസിൽദാർ ടി. ഐ. വിജയസേനൻ, ഡി.വൈ.എസ്.പി. വിശ്വനാഥൻ, എസ്. ബി. കോളേജ് പ്രിൻസിപ്പൽ ഫാ. റെജി പ്ലാത്തോട്ടം എന്നിവരും ഒപ്പമുണ്ടായിരുന്നു.