ആഭ്യന്തര പരാതി പരിഹാര സംവിധാനത്തിന്റെ പ്രവർത്തനം ഊർജിതമാക്കണം: അഡ്വ. ഇന്ദിര രവീന്ദ്രൻ.


കോട്ടയം: ജോലിസ്ഥലങ്ങളിൽ സ്ത്രീകളുടെ പരാതികൾ പരിഹരിക്കുന്നതിനായുള്ള ആഭ്യന്തര പരാതി പരിഹാര സംവിധാനത്തിന്റെ പ്രവർത്തനം  കൂടുതൽ ഊർജിതമാക്കണമെന്ന് വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ പറഞ്ഞു. ചങ്ങനാശേരി ഇ.എം.എസ്. ഹാളിൽ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അംഗം. ആദിവാസി മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ കേൾക്കുന്നതിനും അവയ്ക്ക് പരിഹാരം കാണുന്നതിനുമായി ട്രൈബൽ ഹിയറിംഗ് സംഘടിപ്പിക്കും. വയോജനങ്ങൾക്ക് അവരുടെ അവകാശങ്ങളെയും  നിയമങ്ങളെയും കുറിച്ച് അവബോധം നൽകണമെന്നും വനിതാ കമ്മിഷൻ അംഗം പറഞ്ഞു. ഭാര്യയെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാത്തതിന് സ്വന്തം മകനെതിരെ അച്ഛനും അമ്മയും നൽകിയ പരാതി സിറ്റിംഗിൽ പരിഗണിച്ചു. പ്രായമായ അമ്മമാരെ മക്കൾ നോക്കുന്നില്ല, ഭർത്താവിൽ നിന്ന് ജീവനാംശം ലഭിക്കണം, വഴി തർക്കം തുടങ്ങിയ കേസുകളും പരിഗണിച്ചു. സിറ്റിംഗിൽ ആകെ 54 പരാതികൾ പരിഗണിച്ചു. 16 എണ്ണം പരിഹരിച്ചു. മൂന്ന്  പരാതികളിൽ റിപ്പോർട്ട് തേടി. 35 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കും. അഡ്വ. മീര രാധാകൃഷ്ണൻ, അഡ്വ. സി.കെ. സുരേന്ദ്രൻ, അഡ്വ. സി.എ. ജോസ് തുടങ്ങിയവരും അദാലത്തിൽ പങ്കെടുത്തു.