മലയാളദിനം-ഭരണഭാഷാ വാരാഘോഷത്തിനു തുടക്കം, മാതൃഭാഷയുടെ വളർച്ചയ്ക്ക് ശരിയായ ചിന്തയും അഭിമാനബോധവും വേണം: പ്രൊഫ. സി.ടി. അരവിന്ദകുമാർ.


കോട്ടയം: മലയാളത്തെക്കുറിച്ച് അഭിമാനം കൊള്ളുകയും ഭാഷാപഠനത്തെക്കുറിച്ച് ശരിയായ ചിന്ത പുതുതലമുറയിൽ വളർത്തുകയും ചെയ്താലേ ഭാഷയുടെ വളർച്ച സാധ്യമാകൂവെന്ന് മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. (ഡോ.) സി.ടി. അരവിന്ദകുമാർ പറഞ്ഞു. മലയാളദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നമ്മൾ സ്വപ്നം കാണുകയും ചിന്തിക്കുകയും ചെയ്യുന്നത് മാതൃഭാഷയിലാണ്. മാതാപിതാക്കൾ കുട്ടികൾക്ക് മലയാളത്തിന്റെ പ്രാധാന്യം മനസിലാക്കി നൽകണം. സ്‌കൂളുകളിലും വീടുകളിലും ഇതു ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജി. നിർമൽകുമാർ അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ആർ. ജയചന്ദ്രൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. വി.വി. മാത്യു എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ വിവിധ സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥർ ഭരണഭാഷാ പ്രതിജ്ഞയെടുത്തു. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മലയാളദിന പ്രതിജ്ഞയെടുത്തു.