മലബാർ ഗോൾഡിൽ ഒന്നരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കോട്ടയം എരുമേലി സ്വദേശിയായ ജീവനക്കാരനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു, പണം മാറ്റിയത് മാതാപിതാക്കളു


കോട്ടയം: മലബാർ ഗോൾഡിൽ ഒന്നരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കോട്ടയം എരുമേലി സ്വദേശിയായ ജീവനക്കാരനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മലബാർ ഗോൾഡിന്റെ കോർപ്പറേറ്റ് ഓഫീസിൽ വിഷ്വൽ മർച്ചൻന്റൈസർ അസിസ്റ്റന്റ് ജനറൽ മാനേജറായി ജോലി ചെയ്യുകയായിരുന്ന കോട്ടയം എരുമേലി ഇടകടത്തി സ്വദേശി വടക്കേടത്ത് വീട്ടിൽ സത്യപാലൻ-വിജയമ്മ ദമ്പതികളുടെ മകൻ അർജുൻ സത്യൻ(36) നെയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നും ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നരക്കോടി രൂപ തട്ടിയെടുത്ത് മാതാപിതാക്കളുടെയും ഭാര്യയുടെയും അക്കൗണ്ടുകളിലേക്ക് മാറ്റിയതായി കമ്പനി ഓഡിറ്റിങ്ങിൽ കണ്ടെത്തിയതിനെ തുടർന്നാണ് കോട്ടയം എരുമേലി സ്വദേശിയായ ജീവനക്കാരനെതിരെ കമ്പനി ആദ്യം കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് മലബാർ ഗോൾഡിന്റെ റീജിയണൽ ഓഫീസിൽ നിന്നും ബെംഗളൂരു പോലീസിലും പരാതി നൽകുകയായിരുന്നു. മലബാർ ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡിൽ മാർക്കറ്റിങ് വിഭാഗത്തിൽ വിഷ്വൽ മാർക്കറ്റിങ് വിഭാഗത്തിലെ വിഷ്വൽ മാർച്ചെന്റയിസിങ് വിഭാഗത്തിൽ അസിസ്റ്റന്റ് ജനറൽ മാനേജരായിരുന്ന അർജുൻ ഒഫീഷ്യോ ഗ്രൂപ്പ്, എ ആർ ടി മീഡിയ ഡിജിറ്റൽ ഇമേജ് എന്നീ സ്ഥാപന ഉടമകളുമായി ചേർന്ന് ഗൂഢാലോചന നടത്തി മലബാർ ഗോൾഡ് കമ്പനിയുടെ 14870249 രൂപ തട്ടിപ്പ് നടത്തിയതായാണ് പരാതി. അർജുൻ സത്യൻ ഒന്നാം പ്രതിയായും ഒഫീസിയോ ഗ്രൂപ്പിന്റെ പാർട്ണർമാരായ കെവിൻ, രൺവീർ എന്നിവർ രണ്ടും മൂന്നും പ്രതികളായും അർജുന്റെ പിതാവ് വി എൻ സത്യപാലൻ നാലാം പ്രതിയായും മാതാവ് വിജയമ്മ പി ജി അഞ്ചാം പ്രതിയായും ഭാര്യ രേഷ്മ എസ് മേനോൻ ആറാം പ്രതിയായും കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. 2015 ജനുവരി മുതൽ 2023 ജൂലൈ വരെയുള്ള എട്ടര വർഷത്തിനിടെയാണ് ഒന്നരക്കോടി രൂപയുടെ തട്ടിപ്പ് നടന്നിരിക്കുന്നത് എന്നാണു കമ്പനി പരാതിയിൽ പറയുന്നത്.