കുമരകം കേന്ദ്രമാക്കി ഗ്രാമീണ ടൂറിസം കോറിഡോർ വേണം: ടൂറിസം കോൺക്ലേവ്.


കോട്ടയം: കുമരകം കേന്ദ്രമാക്കി സമീപപഞ്ചായത്തുകളായ അയ്മനം, ആർപ്പൂക്കര, തിരുവാർപ്പ്, നീണ്ടൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് ടൂറിസം കോറിഡോർ സാധ്യമാക്കണമെന്ന് നവകേരളസദസിനോട് അനുബന്ധിച്ചു സംഘടിപ്പിച്ച ഏറ്റുമാനൂർ കോൺക്ലേവിൽ നിർദേശം. നവകേരളസദസിനു മുന്നോടിയായി ഏറ്റുമാനൂർ നിയോജമണ്ഡലത്തിൽ സംഘടിപ്പിക്കുന്ന കോൺക്ലേവുകളുടെ ഭാഗമായി കുമരകം കെ.ടി.ഡി.സി. വാട്ടർസ്‌കേപ്പിൽ സംഘടിപ്പിച്ച ടൂറിസം കോൺക്ലേവിലാണ് കുമരകത്തിന്റെയും കേരളത്തിന്റെയും ടൂറിസം വികസനങ്ങളുടെ ഭാവി ചർച്ചയായത്. കുമരകം മേഖലയിൽ എത്തുന്ന സഞ്ചാരികൾ അവിടുത്തെ ഹോട്ടലുകളിലോ ഹോം സ്‌റ്റേകളിലോ ഒന്നോ രണ്ടോ ദിവസം താമസിച്ചുമടങ്ങുന്ന രീതിയാണ് നിലവിലുള്ളത്. എന്നാൽ ഈ സഞ്ചാരികൾ നാട്ടിൻപുറങ്ങളിലേക്കു സഞ്ചാരിച്ചാലേ മേഖലയ്ക്കാകെ അതിന്റെ പ്രയോജനം ലഭിക്കുകയും തദ്ദേശീയരായ ആളുകൾക്ക് വരുമാനസാധ്യത കൂടുകയുമുള്ളു. ഹോം സ്‌റ്റേകളെയും സമീപപഞ്ചായത്തുകളിലെ ടൂറിസം ഡെസ്റ്റിനേഷനുകളെയും ബന്ധിപ്പിച്ചുകൊണ്ടും പിൽഗ്രിം ടൂറിസം കേന്ദ്രങ്ങളെ ഉൾപ്പെടുത്തിയുമുള്ള പാക്കേജുകൾ അവതരിപ്പിച്ചാൽ ഇതു ഗുണപരമാകുമെന്നും കോൺക്ലേവിൽ ചൂണ്ടിക്കാട്ടപ്പെട്ടു. കൃഷി അനുബന്ധ ടൂറിസത്തിന്റെ സാധ്യതകളും കുമരകം മേഖലയിൽ സജീവമാക്കണമെന്നും അഭിപ്രായമുയർന്നു. ആഭ്യന്തര വിനോദസഞ്ചാരികൾ കൂടുതലായി എത്തിയാലോ കുമകരകത്തെ ടൂറിസം വികസനം മുന്നോട്ടുപോകു. അതിനായി നെടുമ്പാശേരി-കുമരകം കണക്ടിവിറ്റിക്കായി ലോ ഫ്്‌ളോർ ബസ് സർവീസ് തുടങ്ങുന്നതു പോലെ കൂടുതൽ യാത്രാസൗകര്യങ്ങൾ യാഥാർഥ്യമാക്കണം. ടൂറിസം ഡെസ്റ്റിനേഷൻ പോയിന്റ് എന്നതുൾക്കൊണ്ട് കുമരകത്തേക്ക് രാത്രി യാത്ര സാധ്യമാക്കുന്ന സിറ്റി ബസ് സർവീസുകൾ ആരംഭിക്കണം. കുമരകത്തിലെ ഉൾനാടൻ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് കനാൽ ടൂറിസം ശക്തമാക്കണം. ഇടത്തരക്കാർക്ക് ഗുണകരമാകുന്ന തരത്തിൽ ഹോംസ്‌റ്റേകളുടെ നടത്തിപ്പിനുള്ള മാനദണ്ഡങ്ങളിൽ ഇളവ് നൽകി തദ്ദേശീയരെ പ്രോത്സാഹിപ്പിക്കണം. ഹോസ്പിറ്റാലിറ്റി മേഖലയിൽ കൂടുതൽ സ്വദേശിവൽക്കരണത്തിന് അവസരമൊരുക്കണമെന്നും കോൺക്ലേവിൽ ആവശ്യമുയർന്നു. കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡോ. മനോജ് കുമാർ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. വിനോദ സഞ്ചാര മേഖലയിൽ കേരളത്തിന്റെ മത്സരം അയൽ സംസ്ഥാനങ്ങളുമായല്ല, കേരളത്തിന്റെ അതേ സമശീതോഷ്ണ കാലാവസ്ഥയുള്ള ശ്രീലങ്ക, ബാലി, മാലി ദ്വീപ് തുടങ്ങിയ അയൽ രാജ്യങ്ങളുമായാണെന്ന് ഡോ. മനോജ് കുമാർ പറഞ്ഞു. എന്നാൽ ജനസാന്ദ്രതയിലെ ബാഹുല്യം കൊണ്ട് ഈ രാജ്യങ്ങളുമായി മത്സരിക്കുന്നതിന് കേരളത്തിന് പരിമിതിയുണ്ട്. ഡെസ്റ്റിനേഷൻ എന്ന രീതിയിൽ നിന്ന് എക്‌സ്പീരിയൻസ് എന്ന നിലയിലേക്ക് കേരളടൂറിസം മാറണം. അതിന്റെ ഉദാഹരണമാണ് കുമരകത്ത് വിജയകരമായി  നടപ്പാക്കിയ ഉത്തരവാദിത്ത ടൂറിസമെന്നും ഡോ. മനോജ്കുമാർ പറഞ്ഞു. കോൺകോർഡ് ടൂർസ് ആൻഡ് ട്രാവൽസ് മാനേജർ വിനോദ് തോമസ്, കളമശേരി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ എസ്.ഗിരീഷ്, കുമരകം ശ്രീനാരായണ ആർട്‌സ് ആൻഡ് സയൻസ് കോളജിലെ ടൂറിസം വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. എസ്. അനിത എന്നിവർ കോൺക്ലേവിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു ചടങ്ങിൽ അധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് അജയൻ കെ. മേനോൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ , വിനോദ സഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.കെ. പത്മകുമാർ എന്നിവർ പ്രസംഗിച്ചു.