ലോക എയ്ഡ്സ് ദിനം: കോട്ടയം ജില്ലയിൽ വിപുലമായ ബോധവത്കരണ പരിപാടികൾ, കോട്ടയത്ത് സ്നേഹദീപം തെളിയിച്ചു.


കോട്ടയം:  ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡിസംബർ ഒന്ന് രാവിലെ പത്തു മണിക്ക് മാന്നാനം കെ.ഇ കോളേജിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിക്കും. ജില്ലാ കളക്ടർ വി. വിഗ്നേശ്വരി  അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി. എൻ. വിദ്യാധരൻ മുഖ്യപ്രഭാഷണം നടത്തും. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ, മാന്നാനം കെ.ഇ കോളേജ് പ്രിൻസിപ്പൽ ഡോ. ഐസൺ വി. വഞ്ചിപ്പുരക്കൽ, കോളേജ് ബർസാർ റവ. ഫാ. ബിജു തോമസ്, സോഷ്യൽ വർക്ക് ഫാക്കൽറ്റി ആൻ സ്റ്റാൻലി, ഗ്രാമപഞ്ചായത്തംഗം ഷാജി ജോസഫ്, വിഹാൻ സി.എസ്.സി കോ-ഓർഡിനേറ്റർ ജിജി തോമസ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ശ്രീകുമാർ, ആരോഗ്യവകുപ്പ് മാസ് മീഡിയ ഓഫീസർ ഡോമി  ജോൺ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം തുടങ്ങിയവർ പങ്കെടുക്കും. ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലുടനീളം വിവിധ സർക്കാർ ആശുപത്രികളുടെയും കോളജുകളിലെ റെഡ് റിബ്ബൺ ക്ലബ്ബുകളുടെയും രക്തദാന ഫോറങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. ഡിസംബർ ഒന്നിന് കോട്ടയം കെ.എസ്.ആർ.ടി.സി., നാഗമ്പടം, തിരുനക്കര ബസ് സ്റ്റാൻഡുകൾ, കോട്ടയം റയിൽവേ സ്റ്റേഷൻ, തിരുനക്കര, എരുമേലി എന്നിവിടങ്ങളിൽ എച്ച്. ഐ. വി. രക്തപരിശോധനയും ബോധവത്കരണ പ്രദർശനവും നടക്കും. ജവഹർ, ലാസ്യകൈരളി, സ്നേഹിത, കെ. വി. എച്ച.് എസ.് എന്നീ സുരക്ഷാ പ്രോജക്ടുകൾ നേതൃത്വം നൽകും. വ്യാഴാഴ്ച വൈകിട്ട് 5.30നു കോട്ടയം ഗാന്ധിസ്‌ക്വറിയൽ  എച്ച്. ഐ. വി. അണുബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സ്നേഹദീപം തെളിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ വി വിഗ്നേശ്വരി,  ജില്ലാ പോലീസ് മേധാവി കെ കാർത്തിക്,  കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി. എൻ. വിദ്യാധരൻ ജില്ലയിലെ എയ്ഡ്സ് നിയന്ത്രണ സമിതി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് തണ്ണീർമുക്കം സദാശിവന്റെ നേതൃത്വത്തിലുള്ള കഥാപ്രസംഗം, എസ് എം ഇ ഗാന്ധിനഗറിലെ വിദ്യാർത്ഥികളുടെ ഫ്‌ളാഷ് മൊബ്, തെരുവുനാടകം തുടങ്ങിയവയും നടന്നു. ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ്, ജനറൽ ആശുപത്രി എന്നിവിടങ്ങളിലും ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. എച്ച്. ഐ. വി. അണുബാധിതരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും എച്ച്. ഐ. വി. പ്രതിരോധത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുന്നതും ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലുടനീളം വിപുലമായ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എൻ വിദ്യാധരൻ അറിയിച്ചു.