റോബിൻ ബസ്സിന്‌ വീണ്ടും ആശ്വാസമായി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്! പെര്‍മിറ്റ് റദ്ദാക്കിയത് മരവിപ്പിച്ചു, ബസ് പിടിച്ചെടുത്താല്‍ പിഴ ഈടാക്കി വിട്ടുനല്‍കണ


കോട്ടയം; തുടർച്ചയായ നിയമലംഘനത്തിന്റെ പേരിൽ ഗതാഗത വകുപ്പ് പെർമിറ്റ് റദ്ധാക്കിയ റോബിൻ ബസ്സിന്‌ വീണ്ടും ആശ്വാസമായി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ബസിന്‍റെ ഓള്‍ ഇന്ത്യ പെര്‍മിറ്റ് റദ്ദാക്കിയ നടപടി ഹൈക്കോടതി മരവിപ്പിച്ചു. ഒപ്പം ബസ്സ് പിടിച്ചെടുത്താൽ പിഴ ഈടാക്കിയ ശേഷം വിട്ടുനല്കണമെന്നും ഉത്തരവിൽ പറയുന്നു. തുടർച്ചയായ നിയമലംഘനത്തിന്റെ പേരിലാണ് കഴിഞ്ഞ ദിവസം ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റിൽ പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന റോബിൻ ബസ്സിന്റെ പെര്‍മിറ്റ് ഗതാഗത വകുപ്പ് റദ്ദാക്കിയത്. ഹൈക്കോടതിയിൽ ബസുടമ കോഴിക്കോട് സ്വദേശി കെ.കിഷോർ നൽകിയിരിക്കുന്ന കേസ് അടുത്തയാഴ്ച പരിഗണിക്കാനിരിക്കെ ഗതാഗത വകുപ്പ് ബസ്സിന്റെ പെർമിറ്റ് റദ്ധാക്കിയ ഉത്തരവാണ് ഇപ്പോൾ ഹൈക്കോടതി മരവിപ്പിച്ചിരിക്കുന്നത്. ഈരാറ്റുപേട്ട ഇടമറുക് പാറയിൽ ബേബി ഗിരീഷിനായിരുന്നു വാഹനത്തിന്റെയും സർവ്വീസിന്റെയും നടത്തിപ്പ് ഉടമസ്ഥാവകാശം നൽകിയിരുന്നത്.  ഡിസംബർ 18 വരെയാണ് പെര്‍മിറ്റ് റദ്ദാക്കിയ നടപടി മരവിപ്പിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്.  പെർമിറ്റ് കാലാവധി അവസാനിച്ചെന്ന സർക്കാർ വാദത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്‌റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. ഇത്തരം വാഹനങ്ങള്‍ പെര്‍മിറ്റ് ചട്ടങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ പിഴ ചുമത്താം. ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്‌റ്റേജ് കാര്യേജ് ആയി സര്‍വീസ് നടത്തുന്നത് കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള സ്‌റ്റേജ് കാര്യേജ് വാഹനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് എതിരെ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്ക് സ്വതന്ത്രമായ നടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.