കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കോട്ടയത്ത്. ജില്ലയിലെ വിവിധ പരിപാടികളിൽ ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കും.  കുറവിലങ്ങാട് ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച് ഗിയറുള്ള സംസ്ഥാനത്തെ ആദ്യ 400 കെ.വി സബ്‌സ്റ്റേഷൻ ഉത്‌ഘാടനവും മുണ്ടക്കയം കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട 25 കുടുംബങ്ങള്‍ക്ക് സിപിഐ എം നിർമ്മിച്ച് നൽകുന്ന വീടുകളുടെ താക്കോൽ ദാനവും മുഖ്യമന്ത്രി നിർവ്വഹിക്കും. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ വൈദ്യുതി വിതരണരംഗത്ത് മാറ്റംസൃഷ്ടിക്കുന്ന കെ.എസ്.ഇ.ബി.യുടെ കോട്ടയം ഗ്യാസ് ഇൻസുലേറ്റഡ് 400 കെ.വി. സബ്സ്റ്റേഷൻ മുഖ്യമന്ത്രി നാടിനു സമർപ്പിക്കും. ഉച്ചയ്ക്ക് 12ന് കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടക്കുന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിക്കും. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ മുഖ്യാതിഥിയാകും. കൂട്ടിക്കലിൽ പ്രകൃതി സംഹാര താണ്ഡവമാടിയ ദിനങ്ങളുടെ നീറുന്ന ഓർമ്മയിൽ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട 25 കുടുംബങ്ങള്‍ക്ക് സിപിഐ എം നിർമ്മിച്ചു നൽകുന്ന വീടുകളുടെ താക്കോൽ ദാനം മുഖ്യമന്ത്രി നിർവ്വഹിക്കും. ഇന്ന് 3 മണിക്ക് ഏന്തയാർ ജെ ജെ മർഫി സ്‌കൂൾ മൈതാനത്ത്‌ നടക്കുന്ന ചടങ്ങിൽ വീടുകളുടെ താക്കോൽ മുഖ്യമന്ത്രി കൈമാറും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി വി എൻ വാസവൻ തുടങ്ങിയവർ പങ്കെടുക്കും.