നെല്ലുസംഭരണ സംസ്‌കരണ വിപണന സഹകരണ സംഘം (കാപ്കോസ്) ആധുനിക മില്ല് സ്ഥാപിക്കുന്നതിന് ഊരാളുങ്കല്‍ സൊസൈറ്റുമായി കരാറില്‍ ഒപ്പുവെച്ചു.


കോട്ടയം: നെല്ല് സംഭരണത്തിലെ ചൂഷണങ്ങള്‍ ഒഴിവാക്കാനും മികച്ച അരി വിപണിയില്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ള നെല്ലുസംഭരണ സംസ്‌കരണ വിപണന സഹകരണ സംഘം (കാപ്കോസ്) ആധുനിക മില്ല് സ്ഥാപിക്കുന്നതിന് ഊരാളുങ്കല്‍ സൊസൈറ്റുമായി കരാറില്‍ ഒപ്പുവെച്ചു. കിടങ്ങൂര്‍ പഞ്ചായത്തില്‍ കാപ്കോസ് വാങ്ങിയ 10 ഏക്കര്‍ ഭൂമിയിലാണ് നെല്ല് സംഭരണത്തിനായി ഗോഡൗണും ആധുനികമില്ലും മൂല്ല്യവര്‍ദ്ധിത ഉത്പന്നനിര്‍മ്മാണത്തിന് അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുക. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവന്റെ ചേമ്പറിൽ നടന്ന ചടങ്ങിൽ ഇതു സംബന്ധിച്ച കരാറില്‍ കാംപ്‌കോസ് പ്രസിഡന്റ് കെ എം രാധാകൃഷ്ണനും, ഊരാളുങ്കല്‍ സെക്രട്ടറി ഷാജുവും ഒപ്പുവെച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 35 കോടി ചിലവിലുള്ള ആധുനിക റൈസ് മില്ലാണ് സ്ഥാപിക്കുന്നത്. ആന്ധ്ര, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലെ മില്ലുകള്‍ സംബന്ധിച്ച്  വിദഗ്ധ സംഘം പഠനം നടത്തിയ ശേഷമാണ് കോട്ടയത്ത് സ്ഥാപിക്കുന്ന മില്ലിന്റെ തീരുമാനം ആയത്. കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയിലെ ഒരു വര്‍ഷത്തെ നെല്ല് ഉത്പാദനം 1,65000 മെട്രിക്ക് ടെണ്ണാണ്. കാപ്കോസ് സ്ഥാപിക്കുന്ന മില്ലില്‍ 50000 മെട്രിക്ക് ടെണ്‍ സംസ്‌കരിക്കാന്‍ ശേഷിയുള്ളതാണ്. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ആദ്യ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായാണ് കോട്ടയം ജില്ലയിലെ 26 പ്രാഥമിക കാര്‍ഷിക സര്‍വിസ് സഹകരണ ബാങ്കുകള്‍ അംഗ സംഘങ്ങളായി രജിസ്റ്റര്‍ ചെയ്ത് സംഘം പ്രവര്‍ത്തനം ആരംഭിച്ചത് എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. പാലക്കാട് ജില്ല ഒഴികെയുള്ള എല്ലാ ജില്ലകളില്‍നിന്ന് നെല്ല് സംഭരിച്ച് സംസ്‌കരിച്ച് വിപണനം നടത്തുന്നതിന് സംഘത്തിന് അനുമതിയുണ്ട്. പണം സ്വരൂപിച്ച് സ്ഥലം സ്വന്തമായി വാങ്ങി മില്ല് സ്ഥാപിക്കുന്നതിലേക്ക് കടന്നിരിക്കുകയാണ് സംഘം.