മുണ്ടക്കയം: കൂട്ടിക്കലിൽ പ്രകൃതി സംഹാര താണ്ഡവമാടിയ ദിനങ്ങളുടെ നീറുന്ന ഓർമ്മയിൽ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട 25 കുടുംബങ്ങള്‍ക്ക് പാര്‍പ്പിടമൊരുക്കി സിപിഐ എം. വീടുകളുടെ താക്കോൽദാനം ഇന്ന് ഉച്ചകഴിഞ്ഞു 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.
കൂട്ടിക്കൽ തേൻപുഴയിലാണ് ഒരേ പോലെയുള്ള 25 വീടുകളുടെ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. രണ്ടു മുറി, ഹാൾ, അടുക്കള, ശൗചാലയം, സിറ്റൗട്ട് എന്നിവയടങ്ങിയതാണ് ഓരോ വീടും. 60 ലക്ഷത്തിലേറെ രൂപ ചെലവഴിച്ച് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ റോഡ് കോൺക്രീറ്റു ചെയ്തു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ തുക ഉപയോഗിച്ച് പോസ്റ്റുകൾ സ്ഥാപിച്ച് വൈദ്യുതി എത്തിച്ചു.
രണ്ടു കുഴൽക്കിണറുകളിൽ നിന്നും വെള്ളം പമ്പു ചെയ്ത് ഓവർ ഹെഡ് ടാങ്കിലെത്തിച്ച് വെള്ളവുമെത്തിച്ചു. കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള മുഴുവൻ പാർട്ടി അംഗങ്ങളിൽ നിന്നുമുള്ള പണം ഉപയോഗിച്ചാണ് വീട് നിർമാണത്തിനുള്ള രണ്ടേക്കർ പത്ത് സെന്റ് സ്ഥലം വാങ്ങിയത്. കോട്ടയം ജില്ലാ കമ്മിറ്റി വർഗ ബഹുജന സംഘടനകളുടെ സഹകരണത്തോടെയാണ് വീടുകൾ പൂർത്തീകരിച്ചത്.
പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണ് 2022 ഫെബ്രുവരി 24ന് തറക്കല്ലിട്ടത്. ഒന്നാം നമ്പർ വീട് മാതാപിതാക്കൾ നഷ്ടമായ, സ്വന്തമായി വീടില്ലാത്ത നഴ്സിങ് വിദ്യാർഥിനി വിസ്മയയ്ക്കാണ് നൽകിയത്. രണ്ടു മുതൽ 25 വരെയുള്ള വീടുകൾക്ക് നറുക്കെടുപ്പിലൂടെ ഗുണഭോക്താക്കളെ തിരഞ്ഞെടുത്തു.
ഞായർ പകൽ മൂന്നിന് ഏന്തയാർ ജെ ജെ മർഫി സ്‌കൂൾ മൈതാനത്ത് നടക്കുന്ന ചടങ്ങിൽ വീടുകളുടെ താക്കോൽ മുഖ്യമന്ത്രി കൈമാറുമെന്ന് സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി വി എൻ വാസവൻ തുടങ്ങിയവർ പങ്കെടുക്കും.