വ്യായാമം ഏറ്റവും മികച്ച മരുന്ന്:തോമസ് ചാഴികാടൻ എം.പി, ജില്ലാതല സൂംബ മത്സരത്തിൽ കാണക്കാരി കുടുംബാരോഗ്യ കേന്ദ്രം വിജയികളായി

കോട്ടയം: പ്രമേഹം തടയാൻ ഏറ്റവും നല്ല മരുന്ന് വ്യായാമമാണെന്നും പ്രമേഹം ബാധിച്ചാൽ ആഹാരം മരുന്നായി കഴിക്കണമെന്നും തോമസ് ചാഴികാടൻ എം.പി. ലോകപ്രമേഹദിനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ജില്ലാതല പൊതുസമ്മേളനം ഏറ്റുമാനൂർ ക്രിസ്തുരാജാ പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  യോഗത്തിൽ ഏറ്റുമാനൂർ നഗരസഭാ അധ്യക്ഷ ലൗലി ജോർജ്ജ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പി.എൻ. വിദ്യാധരൻ മുഖ്യ പ്രഭാഷണം നടത്തി.  ആരോഗ്യകേരളം പ്രോഗ്രാം മാനേജർ ഡോ അജയ് മോഹൻ, ആരോഗ്യവകുപ്പ് ജില്ലാ മാസ്സ് മീഡിയ ഓഫീസർ ഡോമി  ജോൺ, ഏറ്റുമാനൂർ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ അഞ്ജു സി മാത്യു എന്നിവർ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ തലത്തിൽ ആരോഗ്യ പ്രവർത്തകർക്കായി നടത്തിയ സൂംബ ഡാൻസ് മത്സരത്തിൽ കാണക്കാരി കുടുംബാരോഗ്യകേന്ദ്രം വിജയികളായി.  ജില്ലാ ആരോഗ്യ കേരളം ഓഫീസ് രണ്ടാം സ്ഥാനവും, ചങ്ങനാശേരി താലൂക്ക് ആശുപത്രി മൂന്നാം സ്ഥാനവും നേടി.  വിജയികൾക്ക് സിനിമാതാരവും പിന്നണി ഗായികയുമായ രശ്മി സതീഷ് സമ്മാനങ്ങൾ വിതരണം ചെയ്തു.