നവകേരള സദസ്; വൈക്കത്ത് വിപുലമായ ഒരുക്കങ്ങൾ, അവലോകനയോഗം നടത്തി.


കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നിയമസഭാ മണ്ഡലങ്ങളിൽ ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസുമായി ബന്ധപ്പെട്ട് വൈക്കം നിയോജകമണ്ഡലത്തിൽ നടത്തുന്നത് വിപുലമായ ഒരുക്കങ്ങൾ. ഇത് സംബന്ധിച്ച് വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സി.കെ ആശ എം.എൽ.എയുടെ അധ്യക്ഷതയിൽ അവലോകനയോഗം സംഘടിപ്പിച്ചു. മണ്ഡലത്തിലെ  ബൂത്തുതല കൺവൻഷനുകൾ നവംബർ 17 ന് അകവും വീട്ടുമുറ്റസദസ് 20ന് അകവും പൂർത്തീകരിക്കണമെന്ന് യോഗത്തിൽ നിർദേശിച്ചു. 15 സബ് കമ്മിറ്റികൾ നിരന്തരം അവലോകനം നടത്തി ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ വിലയിരുത്തണമെന്നും പഞ്ചായത്തുതലത്തിൽ പ്രചരണം ശക്തമാക്കണമെന്നും എം.എൽ.എ പറഞ്ഞു. ഡിസംബർ 14ന് രാവിലെ 11 മണി മുതൽ പരാതി സ്വീകരിക്കുന്ന ആറ് കൗണ്ടറുകളും സജ്ജമാകും. വൈക്കത്തെ കലാകാരന്മാർക്ക് പ്രാധാന്യം നൽകി സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കും. സദസിന് മുന്നോടിയായി മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു. പഞ്ചായത്തുതല കൺവീനർ, ചെയർമാൻമാർ എന്നിവരുടെയും സബ്കമ്മറ്റികളുടെ യോഗം 15 നവംബറിന് ചേരാനും യോഗത്തിൽ തീരുമാനിച്ചു. നവകേരള സദസ് വൈക്കം നിയോജകമണ്ഡലതല നോഡൽ ഓഫീസർ കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത്, ജോയിന്റ് കൺവീനർമാരായ തഹസിൽദാർ ഇ.എം റെജി, കെ.അജിത്ത്, സബ് കമ്മിറ്റി  ഭാരവാഹികൾ, അംഗങ്ങൾ എന്നിവർ പങ്കെടുത്തു.