മധ്യകേരളത്തിന്റെ ആരോഗ്യനേട്ടങ്ങളും സ്വപ്നങ്ങളും പങ്കുവച്ച് ഏറ്റുമാനൂർ കോൺക്ലേവ്.


കോട്ടയം: മധ്യകേരളത്തിന്റെ ആരോഗ്യരംഗത്തെ നേട്ടങ്ങളും ഭാവിയും സ്വപ്നങ്ങളും പങ്കുവച്ച് നവകേരള സദസ് ആരോഗ്യ കോൺക്ലേവ്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസിന്റെ ഭാഗമായി ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന കോൺക്ലേവുകൾക്കു തുടക്കം കുറിച്ചാണ് കോട്ടയം മെഡിക്കൽ കോളജ് കോമ്പൗണ്ടിലെ നഴ്സിങ് കോളജ് ഓഡിറ്റോറിയത്തിൽ 'ആരോഗ്യ നവകേരളം ഇന്നലെ ഇന്ന് നാളെ ' എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചത്. കോട്ടയം മെഡിക്കൽ കോളജിന്റെ മികവുകൊണ്ട് ആരോഗ്യചികിത്സാ രംഗത്ത് ഒരുപാടുമുന്നേറ്റങ്ങൾ നടത്തിയ മധ്യകേരളത്തിൽ ഒരു സമഗ്രമാനസികാരോഗ്യകേന്ദ്രം കൂടി സ്ഥാപിക്കണമെന്ന് കോൺേക്ലവ് ഉദ്ഘാടനം ചെയ്ത ആരോഗ്യ വിദ്യാഭ്യാസ മുൻ ഡയറക്ടർ ഡോ. റംല ബീവി പറഞ്ഞു. സമഗ്രമായ കാൻസർ ചികിത്സയ്ക്കുള്ള സൗകര്യവും മധ്യകേരളം കേന്ദ്രീകരിച്ചു സാധ്യമാക്കണം. അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിലും ഉപകരണങ്ങളുടെ ലഭ്യതയിലും കോട്ടയം മെഡിക്കൽ കോളജ് സ്വയം പര്യാപ്തത നേടിക്കൊണ്ടിരിക്കുകയാണെന്നും ഡോ. റംല ബീവി പറഞ്ഞു. രോഗികളുടെ കൂട്ടിരിപ്പുകാർക്കും മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള വികസനപ്രവർത്തനങ്ങളിലേക്ക് കടക്കണമെന്നു കോൺക്ലേവിൽ അധ്യക്ഷതവഹിച്ചുകൊണ്ടു കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ  ഡോ. എസ്. ശങ്കർ പറഞ്ഞു. കഴിഞ്ഞ ഏഴുവർഷം കൊണ്ട് 800 കോടിയിലധികം രൂപയുടെ വികസനപ്രവർത്തനങ്ങളാണ് കോട്ടയം മെഡിക്കൽ കോളജിൽ നടപ്പാക്കുന്നതെന്നു മെഡിക്കൽ കോളജ് സൂപ്രണ്ടും ഹൃദയശസ്ത്രക്രിയ വിഭാഗം മേധാവിയുമായ ഡോ. ടി.കെ ജയകുമാർ കോൺക്ലേവിൽ അവതരണം നടത്തിക്കൊണ്ടു പറഞ്ഞു. 151 കോടി രൂപ മുടക്കുന്ന സർജിക്കൽ ബ്ലോക്കിന്റെ നിർമാണം 95 ശതമാനം പൂർത്തിയാക്കി. ഇവിടേക്കു ഉപകരണങ്ങൾ വാങ്ങാൻ 115 കോടി രൂപ അനുവദിച്ചു. നാലു മാസത്തിനുള്ളിൽ പണി പൂർത്തിയാക്കി സജ്ജമാക്കാനാകും. 268 കോടി രൂപ മുടക്കി നിർമിക്കുന്ന സൂപ്പർസ്പെഷാലിറ്റി ബ്ലോക്കിന്റെ നിർമാണം ഒന്നര വർഷത്തിനുള്ളിൽ പൂർത്തീകരിക്കാനാകുമെന്നും ഡോ. ടി.കെ. ജയകുമാർ പറഞ്ഞു. രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും നെട്ടോട്ടം അവസാനിപ്പിച്ച് മരുന്നും ലാബ് റിസൽട്ടും അടക്കം എല്ലാം അവർക്കരികിലേക്ക് എത്തുന്ന തരത്തിൽ സമ്പൂർണ കമ്പ്യൂട്ടർവൽക്കരണം നടപ്പാക്കാനുള്ള നടപടികളിലേക്ക് മെഡിക്കൽ കോളജിന്റെ വികസനപ്രവർത്തനങ്ങൾ കടക്കണമെന്നും 'മികവിന്റെ കേന്ദ്രത്തിലേക്കുള്ള നാൾവഴികളിൽ കോട്ടയം മെഡിക്കൽ കോളജ്' എന്ന വിഷയത്തിൽ അവതരണം നടത്തിക്കൊണ്ടു ഡോ. ടി.കെ. ജയകുമാർ നിർദേശമുന്നയിച്ചു.  മിനി ആർ.സി.സി. എന്ന നിലയിൽ ടേർഷ്യറി കാൻസർ ചികിത്സാ സൗകര്യം ഒരുക്കുന്ന കേന്ദ്രമായി കോട്ടയം മെഡിക്കൽ കോളജിനെ മാറ്റാൻ നവകേരളസദസിനു മുന്നിൽ നിർദേശം സമർപ്പിക്കുന്നതായി 'സമഗ്ര കാൻസർ ചികിത്സ ജനങ്ങളിലേക്ക്' എന്ന അവതരണം നടത്തിക്കൊണ്ട് കോട്ടയം മെഡിക്കൽ കോളജ് ഓങ്കോളജി വിഭാഗം മേധാവിയായ ഡോ. കെ. സുരേഷ്‌കുമാർ പറഞ്ഞു. 90 മുതൽ 94 ശതമാനം വരെ കാൻസർ രോഗനിർണയം സാധ്യമായ കേന്ദ്രമായി കോട്ടയം മെഡിക്കൽ കോളജ് മാറി. ആറ് ഓങ്കോളജി ക്ലിനിക്കുകളിലെ വിദഗ്ധ ചികിത്സയിലൂടെ കഴിഞ്ഞ ഏഴുവർഷം കൊണ്ട് സമഗ്ര കാൻസർ ചികിത്സാ കേന്ദ്രമായി മാറാനും കോട്ടയം മെഡിക്കൽ കോളജിന് സാധിച്ചിട്ടുണ്ടെന്നും ഡോ. കെ. സുരേഷ്‌കുമാർ പറഞ്ഞു. ആരോഗ്യരംഗത്ത് ഏറെ മുന്നേറ്റം കൈവരിച്ചിട്ടും പകർച്ചവ്യാധി മരണങ്ങൾ കോട്ടയം ജില്ലയിലും സംഭവിക്കുന്നത് എന്തുകൊണ്ടാണെന്ന് ഗൗരവതരമായി പരിശോധിക്കണമെന്ന് കോട്ടയം മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയുമായ ഡോ. സൈറു ഫിലിപ്പ് ചൂണ്ടിക്കാട്ടി. ഏതൊരു പകർച്ചവ്യാധിയെയും നിയന്ത്രിക്കുന്നതിൽ മെഡിക്കൽ സംബന്ധമല്ലാത്ത സാമൂഹികഘടങ്ങൾ കൂടി കണക്കിലെടുക്കണം. പകർച്ചവ്യാധികളെ പ്രതിരോധിച്ച് കേരളത്തിലെ ശരാശരി ആയുർദൈർഘ്യം ഉയർന്നതിന് സാക്ഷരതപോലുള്ള സാമൂഹികഘടകങ്ങൾ കാരണമായിട്ടുണ്ട്. എന്നാൽ രണ്ടായിരത്തിനുശേഷം പെട്ടെന്നുള്ള നഗരവൽക്കരണവും പ്ലാസ്റ്റിക്ക് വിപ്ലവവും അമിതമായ ആന്റിബയോട്ടിക് ഉപയോഗം മൂലമുള്ള പ്രതിരോധശേഷിയിലെ പ്രശ്നങ്ങളും കാലാവസ്ഥ മാറ്റങ്ങളും പകർച്ചവ്യാധികളുടെ തിരിച്ചുവരവിന് കാരണമായിട്ടുണ്ടെന്നും 'സാംക്രമിക രോഗങ്ങൾ-പാഠങ്ങൾ ഉൾക്കൊണ്ടു നാം' എന്ന അവതരണം നടത്തിക്കൊണ്ടു ഡോ. സൈറു ഫിലിപ്പ് പറഞ്ഞു. വെന്റിലേറ്റർ അടക്കമുള്ള അത്യാധുനികസൗകര്യങ്ങൾ ഉള്ള 15 ഐ.സി.യു ബെഡുകളാണ് മെഡിക്കൽ കോളജിന്റെ ഭാഗമായ കുട്ടികളുടെ ആശുപത്രിയിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ വികസനമെന്ന് 'കുഞ്ഞുങ്ങളുടെ ആരോഗ്യരംഗം സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തിൽ അവതരണം നടത്തിക്കൊണ്ടു കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ് പറഞ്ഞു. കുട്ടികളുടെ ആശുപത്രി മെഡിക്കൽ കോളജിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യത്തിന് പിന്തുണ നൽകുന്നതായും ഡോ. കെ.പി. ജയപ്രകാശ് പറഞ്ഞു. ചർച്ചയിൽ കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ  എസ്. ശങ്കർ മോഡറേറ്റർ ആയി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജയൻ കെ. മേനോൻ, തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, കോട്ടയം സർക്കാർ നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. വി.കെ. ഉഷ ആരോഗ്യവകുപ്പ് മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, കാരിത്താസ് ഹോസ്പിറ്റൽ ജോയിന്റ് ഡയറക്ടർ റവ. ഫാ. ജിസ്‌മോൻ, മാന്നാനം കെ.ഇ സ്‌കൂൾ പ്രിൻസിപ്പൽ റവ. ഡോ. ജെയിംസ് മുല്ലശ്ശരി, അഭയം ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ഏബ്രഹാം തോമസ് എന്നിവർ കോൺക്ലേവിൽ സംസാരിച്ചു.