പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ വീട്ടുമുറ്റ സദസ് സംഘടിപ്പിച്ചു.

കോട്ടയം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ ഭാഗമായി പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ വീട്ടുമുറ്റസദസ് സംഘടിപ്പിച്ചു.  49-ാം നമ്പർ ബൂത്തിൽ പഞ്ചായത്ത്തല സംഘാടകസമിതി അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ രമേശ് ബി. വെട്ടിമറ്റത്തിന്റെ വസതിയിലാണ് വീട്ടുമുറ്റസദസ് നടന്നത്. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ അധ്യക്ഷത വഹിച്ചു. യോഗത്തിൽ  പൂഞ്ഞാർ ഗവൺമെന്റ് എൽ. പി. സ്‌കൂൾ പുതിയ മന്ദിരം, വാഗമൺ - ഈരാറ്റുപേട്ട റോഡ്,  നിർദിഷ്ട വിമാനത്താവളം,  ആറു സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ, വേങ്ങത്താനം അരുവിയുമായി ബന്ധപ്പെട്ടുള്ള ടൂറിസ്റ്റ് പ്രവർത്തനങ്ങൾ, ഈരാറ്റുപേട്ട  ഫയർഫോഴ്‌സ് പുതിയ കെട്ടിടം തുടങ്ങി മണ്ഡലത്തിൽ സർക്കാർ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ എം.എൽ.എ വിശദീകരിച്ചു.  മീനച്ചിൽ തഹസൽദാർ സുനിൽകുമാർ നവകേരള സദസിലെ പരാതി പരിഹാര പ്രക്രിയയെകുറിച്ചും ഭൂമിയുമായി ബന്ധപ്പെട്ട  സംശയങ്ങളും ദൂരീകരിച്ച് സംസാരിച്ചു. യോഗത്തിൽ ഗ്രാമപഞ്ചായത്തംഗം ബിന്ദു അശോകൻ പങ്കെടുത്തു.