കഴിഞ്ഞ ഏഴര വര്‍ഷംകൊണ്ട് നാലു ലക്ഷത്തോളം കുടുംബങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ലൈഫ് മിഷൻ വഴി വീട് ലഭ്യമാക്കിയത്, സർക്കാരിന്റെ ഈ ജനകീയ വികസന നടപടികൾക്ക


മുണ്ടക്കയം: കഴിഞ്ഞ ഏഴര വര്‍ഷംകൊണ്ട് നാലു ലക്ഷത്തോളം കുടുംബങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ലൈഫ് മിഷൻ വഴി വീട് ലഭ്യമാക്കിയത് എന്നും സർക്കാരിന്റെ ഈ ജനകീയ വികസന നടപടികൾക്ക് കൂട്ടിക്കലിൽ യാഥാർത്ഥ്യമായ 25 വീടുകൾ കരുത്തുപകരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോട്ടയം കുട്ടിക്കലിൽ സിപിഎം നിർമിച്ചു നൽകിയ വീടുകളുടെ താക്കോൽ കൈമാറ്റ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വെല്ലുവിളികൾ നേരിടുമ്പോൾ പിന്തുണയും സാന്ത്വനവുമായി ചുറ്റുമുള്ളവരെത്തുന്നത് ഉന്നതമായ മനുഷ്യസ്‌നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും പ്രതിഫലനമാണ്. കേരള മനഃസാക്ഷിയെ ഞെട്ടിച്ച ദുരന്തമായിരുന്നു രണ്ടുവർഷം മുൻപ് കോട്ടയത്തെ കൂട്ടിക്കലിലുണ്ടായ ഉരുൾപൊട്ടൽ. അന്ന് കിടപ്പാടം നഷ്ടപ്പെട്ടവർക്ക് സി പി ഐ എം കോട്ടയം ജില്ലാ കമ്മിറ്റി നിർമ്മിച്ചുനൽകിയ 25 വീടുകൾ ഇന്ന് കൈമാറ്റം ചെയ്യാനായത് ഏറെ ഹൃദ്യമായ അനുഭവമായി എന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തമുഖങ്ങളിൽ വലിയ നഷ്ടങ്ങൾ സഹിക്കേണ്ടി വരുന്നവരെ ചേർത്തുനിർത്താനും അവരെ കൈപ്പിടിച്ചുയർത്താനും സാധിക്കുന്നവരാണ് നാടിന്റെ യഥാർത്ഥ നായകർ. മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാണ് സി പി ഐ എം ഇതുവഴി ഉയർത്തിപ്പിടിക്കുന്നത്. ഭവനരഹിതരില്ലാത്ത നാടായി കേരളത്തെ മാറ്റാൻ വിവിധ നടപടികളാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചുവരുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.