കുറവിലങ്ങാട് ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച് ഗിയറുള്ള സംസ്ഥാനത്തെ ആദ്യ 400 കെ.വി സബ്‌സ്റ്റേഷൻ മുഖ്യമന്ത്രി നാടിനു സമർപ്പിച്ചു.


കുറവിലങ്ങാട്: കുറവിലങ്ങാട് ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച് ഗിയറുള്ള സംസ്ഥാനത്തെ ആദ്യ 400 കെ.വി സബ്‌സ്റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം പി, മോൻസ് ജോസഫ് എം എൽ എ തുടങ്ങിയവർ പങ്കെടുത്തു.  കിഫ്ബി ഫണ്ടിൽ നിന്ന് 152 കോടി രൂപ ചെലവഴിച്ചാണ് ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയിലൂടെ ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച് ഗിയറുള്ള സംസ്ഥാനത്തെ ആദ്യ 400 കെ.വി സബ്‌സ്റ്റേഷൻ കുറവിലങ്ങാട്ട് യാഥാർഥ്യമാക്കിയത്. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ വൈദ്യുതി വിതരണരംഗത്ത് മാറ്റംസൃഷ്ടിക്കുന്ന കെ.എസ്.ഇ.ബി.യുടെ പദ്ധതിയാണ് കോട്ടയം ഗ്യാസ് ഇൻസുലേറ്റഡ് 400 കെ.വി. സബ്സ്റ്റേഷൻ.  എൽഡിഎഫ് സർക്കാരും കെഎസ്ഇബിയും സംയുക്തമായി നടപ്പിലാക്കി വരുന്ന ട്രാന്‍സ്ഗ്രിഡ് 2 പദ്ധതിയുടെ ഭാഗമാണ് കോട്ടയം ജില്ലയിലെ കുറുവിലങ്ങാട്ട് നിർമ്മാണം പൂർത്തിയാക്കിയ സബ്സ്റ്റേഷൻ. നമ്മുടെ ഊര്‍ജ്ജ മേഖലയെ കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് നവീകരിക്കാൻ ലക്ഷ്യമിട്ടു നടപ്പിലാക്കുന്ന ഊര്‍ജ്ജ കേരള മിഷന്റെ പ്രവർത്തനങ്ങളുടെ പ്രധാന ഭാഗമാണ് ട്രാന്‍സ്ഗ്രിഡ് 2 പദ്ധതി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മികവുറ്റ അടിസ്ഥാനസൗകര്യങ്ങളും ഉന്നതനിലവാരം പുലർത്തുന്ന ക്ഷേമപദ്ധതികളുമുള്ള വികസിതസമൂഹമായി കേരളത്തെ മാറ്റിത്തീർക്കാൻ വിവിധ പദ്ധതികൾ നടപ്പിലാക്കി വരികയാണ് എൽഡിഎഫ് സർക്കാർ. ഊർജ്ജ രംഗത്ത് സ്വയംപര്യാപ്തത  കൈവരിക്കാനുള്ള നടപടികളും ഈ സർക്കാർ കൈക്കൊള്ളുന്നുണ്ട്. ഒരു പുതുകേരളം വാർത്തെടുക്കാൻ ഈ ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷന്‍ ശക്തി പകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.