കാഞ്ഞിരപ്പള്ളിയിൽ തടി ലോറി കാറിനു മുകളിലേക്കു മറിഞ്ഞു, ഒരു മണിക്കൂറിലധികം തടി ലോറിക്കടിയിൽ കുടുങ്ങിയ കാർയാത്രികന് അത്ഭുത രക്ഷപെടൽ.


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ തടി ലോറി കാറിനു മുകളിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മണിക്കൂറിലധികം തടി ലോറിക്കടിയിൽ കുടുങ്ങിയ കാർയാത്രികന് അത്ഭുത രക്ഷപെടൽ. ബുധനാഴ്ച രാത്രിയാണ് കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കോവിൽക്കടവിൽ തടി കയറ്റി വന്ന ലോറി കാറിനു മുകളിലേക്ക് ചരിഞ്ഞു മറിഞ്ഞത്. അപകടത്തിൽ കാറിനുള്ളിൽ ഉണ്ടായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി കൊല്ലപുരയിടത്തിൽ നജീബാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ലോറി കാറിനു മുകളിലേക്ക് മറിഞ്ഞതോടെ കാർ പൂർണ്ണമായും ലോറിക്കടിയിലാകുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ ഫയർഫോഴ്സ് ക്രയിനിൻ്റെ സഹായത്തോടെ ലോറി ഉയർത്താൻ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല. തുടർന്ന് കയർപൊട്ടിച്ച് തടികൾ എടുത്ത് മാറ്റി ലോറി ഉയർത്തുകയും കാറിന് മുകളിൽ ഉണ്ടായിരുന്ന തടികൾ എടുത്ത് മാറ്റിയ ശേഷം കാറിൻ്റെ തകിട് മുറിച്ചാണ് നജീബിനെ വാഹനത്തിൽ നിന്ന് പുറത്തെടുത്തത്. ഒരുമണിക്കൂറിലധികം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് നജീബിനെ പുറത്തെടുത്തത്. അപകടത്തിൽ ചെറിയ പരിക്കുകളേറ്റ നജീബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.