എരുമേലിയിൽ പ്രഭാത നടത്തത്തിനിറങ്ങിയ ഓട്ടോ ഡ്രൈവർ അജ്ഞാതവാഹനമിടിച്ചു മരിച്ചു, ആശുപത്രിയിൽ എത്തിച്ചത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ.


എരുമേലി: എരുമേലിയിൽ പ്രഭാത നടത്തത്തിനിറങ്ങിയ ഓട്ടോ ഡ്രൈവർ അജ്ഞാതവാഹനമിടിച്ചു മരിച്ചു. കൊരട്ടി പാലത്തിനു സമീപം ഓട്ടോ ഓടിക്കുന്ന മജീഷ്(43) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചേമുക്കാലോടെയാണ് അപകടം സംഭവിച്ചിരിക്കുന്നത്. പ്രഭാത നടത്തത്തിനിറങ്ങിയ മജീഷിനെ വാഹനം ഇടിച്ചിട്ട ശേഷം നിർത്താതെ പോകുകയായിരുന്നു. ഇടിച്ച വാഹനം കണ്ടെത്താനായിട്ടില്ല. അപകടത്തിൽ പരിക്കേറ്റു വഴിയരികിൽ കിടന്നിരുന്ന മജീഷിനെ ഇതുവഴിയെത്തിയ മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ ഉദ്യോഗസ്ഥർ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുരുവാമൂഴി വായനശാലയ്ക്ക് മുൻപിൽ വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തിനിടയാക്കിയ വാഹനം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.