സർക്കാർ ഓഫീസുകൾക്ക് കമ്പ്യൂട്ടറും ഉപകരണങ്ങളും നൽകി വാഴൂർ ബ്ലോക്ക്.


കോട്ടയം: വാഴൂർ ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്ക് കസേര, റാക്ക്, കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങളും സി.ഡി.പി.ഒ, എൽ.എസ്.ജി.ഡി, പട്ടികജാതി വികസനം വകുപ്പ് ഓഫിസ് എന്നിവയ്ക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും നൽകി. 15 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി നിർവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഗീത എസ്. പിള്ള, സ്ഥിരംസമിതി അധ്യക്ഷർ, പഞ്ചായത്തംഗങ്ങൾ, ആശുപത്രി സൂപ്രണ്ട് നിഷ മൊയ്തീൻ, പട്ടികജാതി വികസന ഓഫീസർ എസ്. അഞ്ജു, സി.ഡി.പി.ഒ. ഓഫീസർ ജെ.ആർ. ഗ്രേസി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.എൻ. സുജിത്ത് എന്നിവർ പങ്കെടുത്തു.