ജില്ലാതല കേരളോത്സവം നവംബർ 11നും12നും കുമരകത്ത്, കായികമത്സരങ്ങൾ നവംബർ 18,19 തീയതികളിൽ കോട്ടയത്ത്.


കോട്ടയം: ജില്ലാതല കേരളോത്സവം നവംബർ 11, 12 തീയതികളിൽ കുമരകത്ത് നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പറഞ്ഞു. ജില്ലാതല കേരളോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണയോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. സാംസ്‌കാരികഘോഷയാത്ര ഉൾപ്പെടെ വിപുലമായ പരിപാടികളാണ് ഇതോടനുബന്ധിച്ച് നടത്തുക. കലാമത്സരങ്ങൾ കുമരകത്തും കായികമത്സരങ്ങൾ കോട്ടയത്തും നടത്താൻ യോഗം തീരുമാനിച്ചു. കായികമത്സരങ്ങൾ നവംബർ 18,19 തീയതികളിലാണ് നടക്കുക. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുതല കേരളോത്സവങ്ങൾ നവംബർ ഒന്നിനകം പൂർത്തീകരിക്കണമെന്നും പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ബ്ലോക്ക്, നഗരസഭതലത്തിൽ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായവർക്കാണ് ജില്ലാതല കേരളോത്സവത്തിൽ പങ്കെടുക്കാനാവുക. സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ മുഖ്യരക്ഷാധികാരിയും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ജില്ലയിലെ എം.പി.മാർ, എം.എൽ.എ.മാർ എന്നിവർ രക്ഷാധികാരികളായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ചെയർമാനായും ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.വി. ജയകുമാരി ജനറൽ കൺവീനറായും വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാപഞ്ചായത്ത് വികസനകാര്യസ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.എം. മാത്യു, യുവജനക്ഷേമബോർഡ് ജില്ലാ യൂത്ത് പ്രോഗ്രാം യൂത്ത് ഓഫീസർ ആർ. ശ്രീലേഖ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. വി. ജയകുമാരി,  നഗരസഭാധ്യക്ഷർ, ജില്ലാ-ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.