ശക്തമായ മഴ സാധ്യത: ഒക്‌ടോബർ 17 വരെ കോട്ടയം ജില്ലയിൽ യെല്ലോ അലേർട്ട്, മലയോരമേഖലകളിൽ ജാഗ്രത നിർദ്ദേശം.


കോട്ടയം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഒക്ടോബർ 17 വരെ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ മലയോരമേഖലകളിൽ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. തെക്കൻ തമിഴ്നാടിനു മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.