പനച്ചിക്കാട്: സ്ത്രീകളുടെ ആരോഗ്യപരിപാലനത്തിനായി ഹോമിയോപ്പതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികൾ മാതൃകാപരമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അഭിപ്രായപ്പെട്ടു. ഹോമിയോപ്പതി വകുപ്പിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ കോട്ടയം നിയോജക മണ്ഡലംതല ഉദ്ഘാടനം പനച്ചിക്കാട് പഞ്ചായത്തിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ആനി മാമൻ അധ്യക്ഷത വഹിച്ചു. ഹോമിയോപ്പതി ഡി.എം.ഒ ഡോ. മിനി, ജില്ലാ പഞ്ചായത്ത് അംഗം വൈശാഖ് പി. കെ, പള്ളം ബ്ലോക്ക് മെമ്പർ സിബി ജോൺ, പനച്ചിക്കാട് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജീന ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ജോബി ജെ, ഡോ. അഞ്ജന ചന്ദ്രൻ എന്നിവർ ബോധവത്കരണ ക്ലാസ്സ് നയിച്ചു. തുടർന്ന് നടന്ന മെഡിക്കൽ ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു.