പെരുന്തേനരുവി വെള്ളച്ചാട്ടത്തില്‍ ചാടിയ യുവതിക്കായി തിരച്ചിൽ, അരുവിയിലേക്ക് ചാടിയത് മൊബൈല്‍ ഫോണും ബാഗും പാറപ്പുറത്തുവച്ചശേഷം, ആത്മഹത്യയെന്ന്‌ നിഗമനം.


എരുമേലി: കോട്ടയം-പത്തനംതിട്ട ജില്ലകളുടെ അതിർത്തി മേഖലയായ വെച്ചൂച്ചിറ പെരുന്തേനരുവി വെള്ളച്ചാട്ടത്തില്‍ ചാടിയ യുവതിക്കായി തിരച്ചിൽ. തിങ്കളാഴ്ച ഉച്ചയോടെയാണ് വെച്ചൂച്ചിറ ചാത്തൻതറ സ്വദേശിനിയായ യുവതി പെരുന്തേനരുവി വെള്ളച്ചാട്ടത്തില്‍ ചാടിയത്. ചാത്തൻതറ സ്വദേശിനിയായ 29 കാരി ടെസിയാണ് അരുവിയിലേക്ക് ചാടിയതെന്നാണ് വിവരം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയോടെ അരുവിയിലെത്തിയ ടെസി മൊബൈല്‍ ഫോണും ബാഗും പാറപ്പുറത്തു വച്ചശേഷം അരുവിലേക്ക് ചാടുകയായിരുന്നു എന്നാണു പോലീസ് പറയുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വെച്ചൂച്ചിറ-പെരുനാട് പോലീസ് സ്റ്റേഷനുകളിൽ നിന്നുമായി പോലീസ് സംഘവും റാന്നിയിൽ നിന്ന് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. വെള്ളച്ചാട്ടത്തിന്റെ ഏറ്റവും അപകടകരമായ സ്ഥലത്ത് ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നു യുവതി പെട്ടന്ന് അരുവിയിലേക്ക് ചാടുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മഴ കനത്തതോടെ കാലാവസ്ഥ പ്രതികൂലമായതിനാൽ വൈകിട്ട് തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.