കോട്ടയത്ത് ജലഗതാഗത വകുപ്പിന്റെ സർവീസ് ബോട്ടും വള്ളവും കൂട്ടിയിടിച്ചു കായലിൽ വീണ വിദ്യാർത്ഥിനി മരിച്ചു, അപകടം രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെ.


കോട്ടയം: കോട്ടയത്ത് ജലഗതാഗത വകുപ്പിന്റെ സർവീസ് ബോട്ടും വള്ളവും കൂട്ടിയിടിച്ചു കായലിൽ വീണ വിദ്യാർത്ഥിനി മരിച്ചു. കോട്ടയം അയ്മനം കോലടിച്ചിറ വാഴപ്പറമ്പിൽ രതീഷിന്റെയും രേഷ്മയുടെയും മകൾ അനശ്വര(12) ആണു തിങ്കളാഴ്ച രാവിലെയുണ്ടായ അപകടത്തിൽ മരിച്ചത്. സ്കൂളിൽ പോകുന്നതിനായി വീട്ടിൽ നിന്നും ബോട്ട് ജെട്ടിയിലേക്ക് വള്ളത്തിൽ വരുമ്പോൾ സർവീസ് ബോട്ട് വള്ളത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായത്. അയ്മനം കരിമഠത്തിൽ വെച്ചാണ് അപകടം ഉണ്ടായത്. രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനായി മുത്തച്ഛൻ മോഹനനൊപ്പമാണ് വള്ളത്തിൽ അനശ്വര യാത്ര തിരിച്ചത്. വള്ളത്തിൽ അനശ്വരയും സഹോദരി ദിയയും അമ്മ രേഷ്മയും ഉണ്ടായിരുന്നു. ഇരുവരും സ്‌കൂളിലേക്കും അമ്മ രേഷ്മ ജോലി സ്ഥലത്തേക്കും പോകുകയായിരുന്നു. ഇതിനിടെയാണ്  ജലഗതാഗത വകുപ്പിന്റെ സർവീസ് ബോട്ട് ഇവർ സഞ്ചരിച്ചിരുന്ന വള്ളത്തിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വളത്തിലുണ്ടായിരുന്നവർ വെള്ളത്തിൽ വീഴുകയായിരുന്നു. ദിയയെയും അമ്മ രേഷ്മയേയും അപകടം കണ്ടു നീന്തിയെത്തിയ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. അനശ്വര വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. അപകടം കണ്ടു മുത്തശ്ചൻ മോഹനനും ബോട്ട് ജീവനക്കാരും നാട്ടുകാരും ചേർന്ന് അനശ്വരയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. കോലടിച്ചിറ ബോട്ട് ജെട്ടിയിൽ യാത്രക്കാരെ ഇറക്കിയ ശേഷം എത്തിയ മുഹമ്മ–കണ്ണങ്കര– ചീപ്പുങ്കൽ– മണിയാപറമ്പ് സർവീസ് ബോട്ട് ആണ് വള്ളത്തിൽ ഇടിച്ചത്. അനശ്വരയുടെ വീടിനു സമീപത്തു വെച്ചുതന്നെയാണ് അപകടം ഉണ്ടായത്. പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു. അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും 5 മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് അനശ്വരയുടെ മൃതദേഹം കണ്ടെത്തിയത്. വെച്ചൂർ സെന്റ് മൈക്കിൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണു അനശ്വര. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം സ്‌കൂളിൽ പൊതുദർശനത്തിനു വെയ്ക്കുകയും തുടർന്ന് വീട്ടിലെത്തിക്കുകയും ചെയ്തു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നടത്താൻ ജില്ലാ കളക്ടർ വി.വിഘ്‌നേശ്വരി ഉത്തരവിട്ടു.  അപകടത്തെക്കുറിച്ച് സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടർ അന്വേഷണം നടത്തി ഏഴു ദിവസത്തിനകം റിപ്പോർട്ട് നൽകണം. പ്രാഥമികാന്വേഷണം നടത്തി റിപ്പോർട്ട് നൽകുന്നതിന് കോട്ടയം ആർ.ഡി.ഒ.യെ ചുമതലപ്പെടുത്തി.ദുരന്തനിവാരണ നിയമം വകുപ്പ് 30 പ്രകാരമാണ് ഉത്തരവ്.