കാൻസർ രോഗികൾക്ക് വിഗ് വിതരണം ചെയ്തു.


കോട്ടയം: കാൻസർ ചികിത്സയുടെ പാർശ്വഫലമായി മുടി നഷ്ടപ്പെട്ട ആറു രോഗികൾക്ക് പാലാ ജനറൽ ആശുപത്രിയുടെയും ഹെയർ ഫോർ യൂ ചാരിറ്റബിൾ സൊസൈറ്റിയുടെയും നേതൃത്വത്തിൽ സൗജന്യമായി വിഗ് വിതരണം ചെയ്തു. ഈ മാസം പാലാ ജനറൽ ആശുപത്രിയിൽ നടത്തിയ കേശദാന ക്യാമ്പിൽ 55 പേരിൽനിന്ന് ശേഖരിച്ച മുടി ഉപയോഗിച്ച് തൃശൂർ ആസ്ഥാനമായ ചോയ്സ് വിഗ് ആണ് ഇവ തയാറാക്കി നൽകിയത്. യോഗം പാലാ നഗരസഭാധ്യക്ഷ ജോസിൻ ബിനോ ഉദ്ഘാടനം ചെയ്തു, ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. ആർ.എം.ഒ. ഡോ. എം. അരുൺ, ഡോ. രേഷ്മ, ഡോ. ശബരിനാഥ്, ഡോ. ജെയിംസ്, നഴ്‌സിംഗ് സൂപ്രണ്ടന്റ് മേരി മാത്യു, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി കെ. വി. സിന്ധു , ചോയ്‌സ് വിഗ് തൃശൂർ ഡയറക്ടർ എം. രഞ്ജിത്ത്, ഹെയർ ഫോർ യു ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ്  മഹേഷ് പി. രാജു, ഡയറക്ടർ ബോർഡ് അംഗം സംഗീത സെൻ എന്നിവർ  പ്രസംഗിച്ചു.