ഏറ്റുമാനൂർ: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് രണ്ടു വര്‍ഷത്തിനുള്ളില്‍ ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ ഏറ്റെടുത്ത വികസന പ്രവര്‍ത്തനങ്ങളില്‍ 82 ശതമാനവും പൂര്‍ത്തിയാക്കാനായെന്ന് സഹകരണ-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ഡിസംബര്‍ 13 ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന ഏറ്റുമാനൂര്‍ നിയോജക മണ്ഡലം ബഹുജന സദസിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഏറ്റുമാനൂര്‍ തോംസണ്‍ കൈലാസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിമാര്‍ക്കും ജനങ്ങള്‍ക്കും നേരിട്ട് സംവദിക്കാനുള്ള വേദികളായി മാറും ഓരോ ബഹുജന സദസ്സും. മണ്ഡലങ്ങള്‍ക്കാവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാവും. ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ വളരെയധികം വികസന പദ്ധതികള്‍ ഏറ്റെടുത്ത് നടത്താന്‍ സര്‍ക്കാരിനായിട്ടുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് 50 കോടി രൂപ ചെലവില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ നിര്‍മ്മിക്കുന്ന അന്തര്‍ദേശീയ നിലവാരത്തിലുള്ള സ്പോര്‍ട്സ് കോംപ്ലക്സെന്നും അദ്ദേഹം പറഞ്ഞു. 2009 ല്‍ ഭരണാനുമതി ലഭിച്ചിട്ടും മണ്ഡലത്തിലെ കമ്പനിക്കടവ് പാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നത് 2023 ലാണ്. ജനപ്രതിനിധികളോടൊപ്പം ഉദ്യോഗസ്ഥരും ഒരുമിച്ച് നിന്ന് പദ്ധതികള്‍ നടപ്പാക്കുന്നതിലുള്ള കാലതാമസം നീക്കണമെന്നും മന്ത്രി പറഞ്ഞു. തോമസ് ചാഴികാടന്‍ എം.പി. ചടങ്ങില്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, പഞ്ചായത്ത് പ്രസിഡന്റുമാരായ അജയന്‍ കെ. മേനോന്‍ (തിരുവാര്‍പ്പ്),ധന്യ സാബു (കുമരകം), വിജി രാജേഷ് (അയ്മനം), വി.കെ പ്രദീപ് കുമാര്‍ (നീണ്ടൂര്‍) തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, ഏറ്റുമാനൂര്‍ ബി.ഡി.ഒ. രാഹുല്‍ ജി. കൃഷ്ണന്‍, കര്‍ണാടക സംഗീതജ്ഞ മാതംഗി സത്യമൂര്‍ത്തി, മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജയിംസ് മുല്ലശ്ശേരി, ഏറ്റുമാനൂര്‍ മേരി മൗണ്ട് പബ്ലിക്ക് സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ എസ്.ലിസി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ.വി. റസല്‍, അഡ്വ. കെ. അനില്‍ കുമാര്‍ , വി.വൈ. പ്രസാദ്, വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. സഹകരണ-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ചെയര്‍മാനായും തോമസ് ചാഴികാടന്‍ എം.പി, മുന്‍ എം.എല്‍. എ. വൈക്കം വിശ്വന്‍, എം.ജി. സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ സി.ടി. അരവിന്ദകുമാര്‍ എന്നിവര്‍ രക്ഷാധികാരികളായും തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍ കണ്‍വീനറായി 1001 അംഗ സംഘാടക സമിതി രൂപീകരിച്ചു. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.