എലിക്കുളത്ത് 'ഹരിതകം' പദ്ധതിക്കു തുടക്കം.


കോട്ടയം: എലിക്കുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികളിൽ കാർഷികാഭിരുചി വളർത്താൻ ആവിഷ്‌ക്കരിച്ച 'ഹരിതകം' പദ്ധതിക്കു തുടക്കമായി. ഇളങ്ങുളം ശ്രീ ധർമ്മശാസ്താ കെ.വി.എൽ.പി. സ്‌കൂളിൽ വിദ്യാർഥികൾക്ക് പച്ചക്കറി തൈ നൽകി പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി നിർവഹിച്ചു. പഞ്ചായത്തിലെ എൽ.പി., യു.പി, ഹൈസ്‌കൂളുകളിൽ നിന്ന് 12 വിദ്യാലയങ്ങളെയാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുത്തത്. വിദ്യാലയങ്ങളിലും വിദ്യാർഥികളുടെ വീടുകളിലും വിഷരഹിത പച്ചക്കറിത്തോട്ടം ഒരുക്കുന്നതാണ് പദ്ധതി. നടീൽ വസ്തുക്കളുടെ വിതരണം, പഠനപരിപാടികൾ, മത്സരങ്ങൾ എന്നിവ പദ്ധതിയോടനുബന്ധിച്ച് എലിക്കുളം കൃഷിഭവൻ സംഘടിപ്പിക്കും. മല്ലികശ്ശേരി എസ്.ഡി.യു.പി.എസ്., സെന്റ് മാത്യൂസ് എൽ.പി.എസ്., യു.പി.എസ്. എലിക്കുളം, പനമറ്റം എച്ച്.എസ്.എസ്., ഞണ്ടുപാറ സെന്റ് ജോർജ് യു.പി.എസ്., എം.ജി.എം.യു.പി.എസ്. മഞ്ചക്കുഴി, ഇളങ്ങുളം സെന്റ് മേരീസ് എച്ച.്എസ്., എസ്.ഡി.എൽ.പി.എസ്. ഉരുളികുന്നം, കെ.വി.എൽ.പി.എസ് തച്ചപ്പുഴ, ശ്രീ ധർമ്മശാസ്താ കെ.വി.എൽ.പി.എസ് ഇളങ്ങുളം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാലയങ്ങൾ. കഴിഞ്ഞ വർഷം നടപ്പാക്കിയ സ്റ്റുഡന്റ്സ് ഗ്രീൻ ആർമി പദ്ധതിയുടെ തുടർച്ചയായാണ് പദ്ധതി നടപ്പാക്കുന്നത്. 2.60 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ അഖിൽ അപ്പുക്കുട്ടൻ അധ്യക്ഷനായി. കൃഷി ഓഫീസർ കെ. പ്രവീൺ പദ്ധതി വിശദീകരിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ. അലക്സ് റോയ്, പ്രധാനാധ്യാപിക ജി. ജിജി, കൃഷി അസിസ്റ്റന്റ് കെ.ജെ. ജെയ്നമ്മ, എലിക്കുളം കാർഷിക കർമ്മസേന പ്രസിഡന്റ് സുജാത ദേവി, സെക്രട്ടറി ടി.കെ. സതി എന്നിവർ പ്രസംഗിച്ചു.