നവകേരള ബഹുജന സദസിനായി കോട്ടയം ഒരുങ്ങുന്നു; സംഘാടകസമിതിയായി, പദ്ധതി നടത്തിപ്പിൽ കാലതാമസം വരുത്തുന്നതും അഴിമതി: മന്ത്രി വി.എൻ. വാസവൻ.


കോട്ടയം: വികസനക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കുമ്പോൾ പദ്ധതി പൂർത്തീകരിക്കാൻ കാലതാമസം വരുത്തുന്നതും അഴിമതിയായി കണക്കാക്കണമെന്ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത് ഡിസംബർ 13ന് കോട്ടയം നിയോജകമണ്ഡലത്തിൽ നടക്കുന്ന നവകേരള ബഹുജന സദസിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഭരണാനുമതി ലഭിച്ചിട്ടും പദ്ധതികൾ പൂർത്തിയാക്കാൻ വർഷങ്ങളെടുക്കുന്ന സാഹചര്യം ചിലപ്പോൾ ഉണ്ടാകാറുണ്ട്. നടത്തിപ്പിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒന്നിച്ചു പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ ഭരണമികവും വികസനക്ഷേമ പ്രവർത്തനങ്ങളുടെ മുന്നേറ്റവും ചർച്ചകളിലൂടെ ജനങ്ങളിലെത്തിക്കുന്നതോടൊപ്പം ഓരോ നിയോജകമണ്ഡലത്തിലെയും ചെറിയ പ്രശ്നങ്ങൾ പോലും നവകേരള ബഹുജന സദസ് പരിഗണിക്കും. രാവിലെ ഒമ്പതിന് നടക്കുന്ന പ്രഭാതയോഗത്തോടെയാണ് തുടക്കമാവുക. യോഗത്തിൽ സമൂഹത്തിന്റെ എല്ലാ തുറകളിൽനിന്നുമുള്ള 200 പേർ പങ്കെടുക്കും. യോഗത്തിൽ ക്രിയാത്മക നിർദേശങ്ങളും വിമർശനങ്ങളും ഭാവിയിലേക്കുള്ള ആശയങ്ങളും സ്വീകരിക്കപ്പെടും. പിന്നീട് 11 മണിയോടെ നിയോജകമണ്ഡലതല ബഹുജന സദസ്‌ ആരംഭിക്കും. സ്വാതന്ത്ര്യസമരസേനാനികൾ, പത്മ അവാർഡ് ജോതാക്കൾ, കേരളശ്രീ, കേരള ജ്യോതി പുരസ്‌കാര ജോതാക്കൾ, എവുത്തുകാർ, കലാകാരൻമാർ തുടങ്ങി ക്ഷണിക്കപ്പെട്ടവരുടെ ഒരു നിര അതത് മണഡലങ്ങളിൽ പങ്കെടുക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും രണ്ടു മണിക്കൂർ ക്ഷേമപ്രവർത്തന വിശദീകരണം നടത്തും. ജനങ്ങളുടെ ആശങ്കകൾക്ക് പ്രത്യേക പരിഗണന നൽകി നിവേദനങ്ങൾ നൽകാനുള്ള പ്രത്യേകം കൗണ്ടറുകൾ, പ്രാദേശിക കലാപരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കും. ബഹുജനസദസ് സംഘടിപ്പിക്കുന്നതിനു മുൻപ് പഞ്ചായത്ത്, വാർഡ്തലത്തിലും സംഘാടക സമിതികൾ രൂപീകരിക്കും. 25-50 വീടുകൾ അടങ്ങിയ വീട്ടുമുറ്റം സദസുകളും സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായും കോട്ടയം ആർ.ഡി.ഒ. കൺവീനറായും വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. എസ്.പി.സി.എസിന്റെ പൊൻകുന്നം വർക്കി സ്മാരക ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. പള്ളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി അനിൽ, ആർ.ഡി.ഒ. വിനോദ് രാജ്, രാഷ്ട്രീയപാർട്ടി പ്രധിനിധികളായ എ.വി. റസൽ, അഡ്വ. വി.കെ. സന്തോഷ് കുമാർ, അഡ്വ. കെ. അനിൽ കുമാർ, ലതിക സുഭാഷ്, പി.കെ. ആനന്ദക്കുട്ടൻ, ഡിവൈ.എസ്.പി. കെ.ജി. അനീഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹിക-കലാ-സാംസ്‌കാരിക പ്രവർത്തകർ, വിവിധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.