ഏറ്റുമാനൂർ മണ്ഡലത്തിലെ മുഴുവൻ റോഡുകളും ആധുനിക നിലവാരത്തിൽ: മന്ത്രി വി.എൻ. വാസവൻ.


കോട്ടയം: ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ എല്ലാ പ്രധാന റോഡുകളും ബി.എം.ആൻഡ് ബി.സി നിലവാരത്തിൽ നിർമാണം പൂർത്തീകരിച്ചതായി സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. അയ്മനത്ത് 45-ാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. നന്ത്യാട്ടുപടി-ഐക്കരമാലി റോഡ്, കരിയപുരം റോഡ് എന്നിവയ്ക്ക് 10 ലക്ഷം രൂപ അനുവദിച്ചു നിർമാണ പ്രവർത്തനം ആരംഭിച്ചതായും ചക്കുംമൂട്ടിൽ വടക്കുമുറി റോഡിന് 60 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയതായും മന്ത്രി പറഞ്ഞു. മീനച്ചിലാറിന്റെ തീരം മാളിയേക്കൽ കടവിന്റെ ഭാഗത്ത് ഇടിയുന്നതിനു പരിഹാരം കാണും. ഇതിനുള്ള എസ്റ്റിമേറ്റ് നടപടികളായെന്നും ജലസേചന വകുപ്പ് പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ അധ്യക്ഷത വഹിച്ചു. അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.കെ. ഷാജിമോൻ, ഗ്രാമപഞ്ചായത്ത്‌ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.ആർ. ജഗദീഷ് , പഞ്ചായത്തംഗം മിനി മനോജ്, ബ്ലോക്ക് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ കെ.ജെ. ഷോബിച്ചൻ, അങ്കണവാടി വർക്കർ എം. അനിത എന്നിവർ പങ്കെടുത്തു.