ഏറ്റുമാനൂർ ബ്ലോക്കിൽ വയോജന പാർക്ക് നിർമാണം പൂർത്തിയായി.


കോട്ടയം: ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വയോജന പാർക്ക് നിർമാണം പൂർത്തിയായി. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടമാളൂർ ഡിവിഷനിലെ പുലിക്കുട്ടിശേരി പഴയ കടവിനു സമീപമാണ് പാർക്ക് നിർമിച്ചത്. പത്ത് സെന്റ് സ്ഥലത്താണ് മനോഹരമായ പാർക്ക് നിർമിച്ചിരിക്കുന്നത്. രണ്ട് ഘട്ടമായാണ് പാർക്കിന്റെ നിർമാണം. ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 പദ്ധതിയിൽ ആറ് ലക്ഷം രൂപയും 2023-24 പദ്ധതിയിൽ മൂന്നു ലക്ഷം രൂപയും ചെലവിൽ മൊത്തം ഒൻപത് ലക്ഷം രൂപ ചെലവഴിച്ചാണ് പാർക്ക് നിർമിച്ചിട്ടുള്ളത്. 60 വയസിന് മുകളിലുള്ള വയോജനങ്ങളുടെ മാനസിക- ശാരീരിക ഉല്ലാസമാണ് ലക്ഷ്യം. ഒഴിവു സമയങ്ങളും സായാഹ്നങ്ങളും ചെലവഴിക്കുന്നതിനുവേണ്ടി ഊഞ്ഞാലുകൾ, ഇരിപ്പിടങ്ങൾ, ഉദ്യാനം, ആരോഗ്യ സംരക്ഷണത്തിനായി വ്യായാമ ഉപകരണങ്ങൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.