ഡ്രോണുപയോഗിച്ച് പാടത്ത് സൂക്ഷ്മമൂലകങ്ങൾ തളിച്ചു; കർഷരെ നൂതന സാങ്കേതികവിദ്യ പരിചയപ്പെടുത്തി കൃഷിവകുപ്പ്.


കോട്ടയം: ഡ്രോണുകൾ ഉപയോഗിച്ച് നെൽച്ചെടിയിൽ സൂക്ഷ്മമൂലകങ്ങൾ തളിച്ച് കാട്ടി, കാർഷിക യന്ത്രവത്ക്കരണത്തിലെ നവീന സാങ്കേതിക വിദ്യകൾ കർഷകർക്ക് പരിചയപ്പെടുത്തി കൃഷി വകുപ്പിന്റെ പ്രവർത്തിപരിചയ പരിപാടിക്കു തുടക്കം. കാർഷിക യന്ത്രവത്ക്കരണത്തിലെ നവീന സാങ്കേതിക വിദ്യകൾ അതിവേഗം കർഷകരിലേക്ക് എത്തിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിക്കുന്നത്. അയ്മനം കൃഷിഭവൻ പരിധിയിലുള്ള വട്ടക്കായൽ തട്ടേപാടം പാടശേഖരത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. സാങ്കേതികവിദ്യയുടെ സഹായം കാർഷികമേഖലയിൽ പുരോഗതി കൈവരിക്കുന്നതിന് സഹായിക്കുമെന്നും കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ചുള്ള വിത്തുകൾ ഉത്പാദിപ്പിച്ചെടുക്കേണ്ടതുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലയിലെ 300 ഹെക്ടർ പാടശേഖരത്താണ് ഡ്രോണുകൾ ഉപയോഗിച്ച് സൂക്ഷ്മമൂലകങ്ങൾ തളിക്കുന്നത്. ഇതിൽ 76 ഹെക്ടർ വരുന്ന വട്ടക്കായൽ തട്ടേപ്പാടത്താണ് ആദ്യഘട്ടം ആരംഭിച്ചത്. അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എം. മാത്യു, അയ്മനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് മനോജ് കരീമഠം, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മിനി ബിജു, പ്രിൻസിപ്പൽ കൃഷി ഓഫീസർ പ്രീത പോൾ, അസിസ്റ്റന്റ്  എക്സിക്യൂട്ടീവ് എൻജിനീയർ ടി. സുമേഷ് കുമാർ, അസിസ്റ്റന്റ് എൻജിനീയർ വി.എസ്. വിനിയ, അയ്മനം കൃഷി ഓഫീസർ ആർ. രമ്യരാജ്, വട്ടക്കായൽ തട്ടേപ്പാടം പ്രസിഡന്റ് കെ.ആർ. രതീഷ്, കേരള ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ജോർജ്ജ് കുളങ്ങര, വർക്കിംഗ് ചെയർമാൻ തോമസ് കണ്ണന്തറ, സി.ഇ.ഒയും ഡ്രോൺ പൈലറ്റുമായ അനീഷ് തോമസ്, ഡ്രോൺ പൈലറ്റ് റഹീം ഉസ്മാൻ, കർഷകർ എന്നിവർ പങ്കെടുത്തു.