എരുമേലി: എരുമേലിയിൽ വനിതാ എസ് ഐ ക്ക് വാറണ്ട് പ്രതിയുടെ മർദനം. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം വാറണ്ട് നടപ്പാക്കാൻ എത്തിയ എരുമേലി പോലീസ് സ്റ്റേഷനിലെ വനിതാ എസ് ഐ ശാന്തി കെ ബാബുവിനാണ് മർദനമേറ്റത്. എരുമേലി മുക്കൂട്ടുതറ എലിവാലിക്കര സ്വദേശിയായ കീച്ചേരിൽ വി ജി ശ്രീധരനാണ്(72)വാറണ്ട് നടപ്പാക്കാനായി വീട്ടിൽ എത്തിയ എരുമേലി എസ് ഐ യെ മർദിച്ചത്. മുൻപ് പലതവണ പോലീസുകാർ എത്തിയെങ്കിലും വാറണ്ട് കൈപ്പറ്റാതെ ഇയാൾ പോലീസുകാരെ അസഭ്യം പറഞ്ഞു വിടുകയാണ് ചെയ്തിരുന്നത്. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് എരുമേലി എസ് ഐ ശാന്തി കെ ബാബുവും പോലീസ് സംഘവും ഇയാളുടെ വീട്ടിൽ എത്തിയത്. ഏറെ നേരം നേരം പോലീസ് ഇയാളുമായി സംസാരിച്ചെങ്കിലും വാറണ്ട് കൈപ്പറ്റാൻ കൂട്ടാക്കിയില്ല. പോലീസ് സംഘത്തെ അസഭ്യം പറഞ്ഞ ശേഷം വീടിനുള്ളിലേക്ക് കടന്നു വാതിൽ പൂട്ടാൻ ശ്രമിച്ച ഇയാളെ പോലീസ് ബലമായി പിടികൂടുകയായിരുന്നു. ഇതിനിടെയിലാണ് ഇയാൾ വനിതാ എസ് ഐ യെ മർദിച്ചത്. എസ് ഐ ശാന്തി കെ ബാബുവിന്റെ തലയ്ക്കാണ് അടിയേറ്റത്. 2013 ൽ അയൽക്കാരിയായ യുവതിയെ തല്ലി പരിക്കേൽപ്പിച്ച കേസിലാണ് വാറണ്ട്. ഇയാളുടെ ഉപദ്രവത്തിൽ ഭയന്ന് മറ്റൊരു സ്ഥലത്താണ് ഇപ്പോൾ യുവതിയും ഭർത്താവും താമസിക്കുന്നത് എന്ന് നാട്ടുകാർ പറഞ്ഞു. അതേസമയം പ്രായമായയാൾ എന്ന പരിഗണന പോലും നൽകാതെയാണ് പോലീസ് പെരുമാറിയത് എന്ന് വീട്ടുകാർ പരാതിപ്പെട്ടു. സംഭവത്തിൽ എസ് ഐ യെ മർദിച്ചതിനും പോലീസിന്റെ ഡ്യുട്ടി തടസ്സപ്പെടുത്തിയതിനും പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തു. ഹൃദ്രോഗിയായ പിതാവിനെ പോലീസ് നഗ്നനാക്കി മർദിച്ചുവെന്നും ചികിത്സയിൽ കഴിഞ്ഞിരുന്ന പിതാവിന്റെ ആരോഗ്യനില അപകടത്തിലാണെന്നും അറസ്റ്റ് ചെയ്തതിനു ശേഷമുള്ള വിവരങ്ങൾ പോലീസ് അറിയിച്ചിട്ടില്ല എന്നും ആരോപിച്ചു മകൻ ഡി ജി പി ക്ക് പരാതി നൽകി. പിതാവ് സമൻസ് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും നിലവിലുള്ള കേസുകളിൽ കോടതിയിൽ നിന്നും ജാമ്യം എടുക്കുകയും പുതുക്കുകയും ചെയ്തിട്ടുള്ളതാണെന്നും മകൻ ഡി ജി പി ക്ക് നൽകിയ പരാതിയിൽ പറയുന്നു. വയോധികനെ ഉപദ്രവിക്കുകയോ മർദ്ദിക്കുകയോ ചെയ്തിട്ടില്ലെന്നും അറസ്റ്റിനു വഴങ്ങാത്തതിനെ തുടർന്ന് ബലംപ്രയോഗിച്ചു അറസ്റ്റ് ചെയ്യുകയാണുണ്ടായതെന്നും പോലീസ് പറഞ്ഞു.